
യുവതി യുവാക്കള്‍ക്ക് അവസരം/സൗജന്യ കലാപരിശീലനം/നീലക്കുറിഞ്ഞി ജില്ലാതല പ്രശ്‌നോത്തരി ഏപ്രില്‍ 29/സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം
രാജ്യത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ അടുത്തറിയാന്‍ യുവതി യുവാക്കള്‍ക്ക് അവസരം
കേന്ദ്ര യുവജന കാര്യ മന്ത്രാലയം ‘മേരാ യുവ ഭാരത്’ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവതി യുവാക്കള്‍ക്ക് ലേഹ് ലഡാക്ക് , ഹിമാചല്‍ പ്രദേശ് , ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ 10 ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ‘ വികാസിത് ഭാരത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം- വിക്ഷിത് ഭാരത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിലൂടെ അവസരം ഒരുക്കുന്നു .
യുവജനകാര്യം, ഗ്രാമ വികസനം , സാംസ്‌കാരിക വിനിമയം , സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ശരീരിക ക്ഷമതയുള്ള 21 മുതല്‍ 29 വരെ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാം. മെയ് 15 മുതല്‍ മെയ് 30 വരെ പരിപാടിയില്‍ കേരളത്തില്‍ നിന്ന് 15 പേര്‍ക്കും ലക്ഷദ്വീപില്‍ നിന്നും 10 പേര്‍ക്കും ആണ് അവസരം .
നെഹ്റു യുവകേന്ദ്ര , യൂത്ത് ക്ലബ് അംഗങ്ങള്‍ , എന്‍സിസി , സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വോളന്റിയര്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കും. ‘മേരാ യുവ ഭാരത് ‘ പോര്‍ട്ടലില്‍ മെയ് മൂന്നുവരെ രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍ :7558892580.
നീലക്കുറിഞ്ഞി ജില്ലാതല പ്രശ്‌നോത്തരി ഏപ്രില്‍ 29
നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ സംസ്ഥാന തലത്തില്‍ വിദ്യാകിരണം മിഷനുമായി ചേര്‍ന്ന് നടത്തുന്ന നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിന്റെ ജില്ല ഉദ്ഘാടനവും ചിത്രപ്രദര്‍ശനവും പ്രശ്‌നോത്തരിയും ഇന്ന് ( ഏപ്രില്‍ 29) രാവിലെ 9.30ന് കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം നിര്‍വഹിക്കും. സമാപന യോഗ ഉദ്ഘാടനവും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നടത്തും.
ജില്ലയിലെ 11 വിദ്യാഭ്യാസ ഉപജില്ല കേന്ദ്രങ്ങളിലായി ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന ഏകദേശം 400 കുട്ടികള്‍ ബ്ലോക്ക്തല പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു. ഓരോ ബ്ലോക്കില്‍ നിന്നും നാല് കുട്ടികളെയാണ് ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്. ജില്ലാതല മത്സരത്തില്‍ വിജയിക്കുന്ന നാല് കുട്ടികള്‍ക്ക് മെയ് 16,17,18 തീയതികളിലായി മൂന്നാര്‍, അടിമാലിയിലെ ഹരിതകേരളം മിഷന്റെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രം എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
സൗജന്യ കലാപരിശീലനം
ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എട്ട് വയസിനു മുകളിലില്‍ പ്രായമുളളവര്‍ക്ക് പടയണി, സംഗീതം, മോഹിനിയാട്ടം, വഞ്ചിപാട്ട് തുടങ്ങിയ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം. ഗ്രാമപഞ്ചായത്തുകളിലെ കലാകേന്ദ്രങ്ങളിലാണ് പരിശീലനം. അപേക്ഷ ഫോമുകള്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും പ്രവൃത്തി സമയം ലഭിക്കും. അവസാന തീയതി മെയ് 15 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 6282822706.
സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം
ആര്‍എഫ്‌സിടി ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിദഗ്ധ സമിതിയിലേക്ക് നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമുളള അപേക്ഷ മെയ് ഒമ്പതിനകം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) കൊല്ലം മുമ്പാകെ സമര്‍പ്പിക്കണം.



