
ട്രാഫിക്നിയമ ലംഘനത്തിന്റെ ചിത്രം പകർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയും അസഭ്യവർഷവും നടത്തിയ ടിപ്പർ ഡ്രൈവർ അറസ്റ്റിലായി
യൂണിഫോം ഇടാതെയും സിഗ്നൽ തെറ്റിച്ചും ടിപ്പർ ഓടിച്ചതിന്റെ ചിത്രം പകർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണിയും അസഭ്യവർഷവും നടത്തിയ ഡ്രൈവർ അറസ്റ്റിൽ. തിരുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടിൽ കെ ടി രാജേഷാ (48)ണ് പിടിയിലായത്. അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരുന്നു. ട്രാഫിക് എസ് ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ് ആണ് കേസെടുത്തത്.
മുത്തൂർ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഓ ബി ശ്രീജിത്തിനാണ് ഇയാളിൽ നിന്നും ഭീഷണിയും അസഭ്യവർഷവുമുണ്ടായത്. 12 നും 14നും ഇതാവർത്തിച്ച ഡ്രൈവർ, പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ പകർത്തുകയും, സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രണ്ടു ദിവസവും യൂണിഫോം ധരിക്കാതെയും ട്രാഫിക് സിഗ്നൽ തെറ്റിച്ചുമാണ് ഇയാൾ ടിപ്പർ ഓടിച്ചത്. ഇതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തതാണ് ഇയാളെ ചൊടിപ്പിച്ചത്. വാഹനത്തിന്റെ ആർ സി വിവരങ്ങൾ പരിശോധിച്ചാണ് ഡ്രൈവറെകുറിച്ചു പോലീസ് മനസ്സിലാക്കിയത്. നടപടികൾക്ക് ശേഷം ഇയാളെ സ്റ്റേഷനിൽ നിന്നും ജാമ്യത്തിൽ വിട്ടയച്ചു.



