
‘ചലഞ്ച് ദി ചലഞ്ചസ്- ഹൃദ്യം 2025 ‘ എന്നപേരിൽ നടന്നുവന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ജില്ലാതല ക്യാമ്പ് സമാപിച്ചു
ചലഞ്ച് ദി ചലഞ്ചസ്- ഹൃദ്യം 2025 ‘ എന്നപേരിൽ നടന്നുവന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ് പി സി ) ജില്ലാതല ക്യാമ്പ് സമാപിച്ചു. അടൂർ കടമ്പനാട് കെ ആർ കെ പി എം ബി എച്ച് എസ്, വിവേകാനന്ദ വി എച്ച് എസ് എസ് ഫോർ ഗേൾസ് ഹൈസ്കൂളുകളിൽ 13 മുതൽ നടന്നുവന്ന ക്യാമ്പ് ഇന്ന് ഉച്ചയോടെയാണ് സമാപിച്ചത്. രാവിലെ 8.15 ന് 462 കേഡറ്റുകൾ പങ്കെടുത്ത പാസിങ് ഔട്ട് പരേഡ് നടന്നു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിശിഷ്ടാതിഥിയായി. അഡിഷണൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫിസറുമായ ആർ ബിനു സല്യൂട്ട് സ്വീകരിച്ചു. ചിട്ടയായ പരിശീലനത്തിലൂടെ ലഭിക്കുന്ന അറിവുകളും, ക്യാമ്പിലൂടെ ലഭിക്കുന്ന ക്ലാസുകളും വ്യക്തിത്വം മെച്ചപ്പെടുത്തുന്നതിനും പൊതു സമൂഹത്തിനും ഏറെ ഗുണകരമാകുമെന്ന് സന്ദേശത്തിൽ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. 2010-ൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോഴാണ് എസ് പി സി പദ്ദതി സംസ്ഥാനത്ത് ആരംഭിച്ചതെന്നും, വിദ്യാർത്ഥികളിൽ നിയമ ബോധവും രാജ്യസ്നേഹവും വളർത്താൻ പദ്ധതിക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.പരേഡ് കമാൻഡർ, സെക്കന്റ് ഇൻ കമാൻഡർ എന്നിവർ മുഖ്യാതിഥിയിൽ നിന്ന് മെമെന്റോ ഏറ്റുവാങ്ങി. അഡിഷണൽ എസ് പിയുടെ അധ്യക്ഷതയിൽ ക്യാമ്പ് അവലോകന യോഗവും നടന്നു.ദേശീയ ഗാനത്തോടെ ക്യാമ്പ് സമാപിച്ചു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ നടന്ന ചതുർദിനക്യാമ്പിൽ, കുട്ടികളും പൊതു സമൂഹവും നേരിടുന്ന ലഹരിമരുന്നുകൾ ഡിജിറ്റൽ തുടങ്ങിയവ സംബന്ധിച്ച വെല്ലുവിളികൾ, സൈബർ ഭീഷണി, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, പാരിസ്ഥിതിക തകർച്ച തുടങ്ങിയ വിഷയങ്ങളിൽ കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടന്നു. കൂടാതെ, യോഗ, കരാട്ടെ, ഫിസിക്കൽ ട്രെയിനിങ്, പരേഡ് എന്നിവ ഉൾപ്പെടുത്തിയുള്ള ഔട്ട്ഡോർ ഇനങ്ങളുമുണ്ടായിരുന്നു .പ്രമുഖ വ്യക്തികളുമായുള്ള സംവാദം, ക്വിസ് പ്രോഗ്രാം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു.



