
സ്വർണ്ണക്കവർച്ചാകേസിലെയും കുഴൽപണം തട്ടൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്നും മാരകായുധങ്ങളും കഞ്ചാവും പിടിച്ചു
പീച്ചി സ്വർണ്ണക്കവർച്ചാകേസിലെയും, കൂത്തുപറമ്പ് കുഴൽപണം തട്ടിയെടുക്കൽ കേസിലെയും പ്രതിയുടെ വീട്ടിൽ നിന്നും മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതിയായ കോയിപ്രം പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടിൽ ചിക്കു എന്ന ലിബിൻ( 31) ആണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും കോയിപ്രം പോലീസിന്റെയും ഡാൻസാഫിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്.ഇന്നലെ വൈകിട്ട് 4:30 ഓടെ വയനാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സുരേഷ് ബാബുവും സംഘവും കൂത്തുപറമ്പ് ജെ എഫ് എം കോടതിയുടെ സെർച്ച് വാറൻ്റ് പ്രകാരം, വീട് പരിശോധിക്കവേ കിടപ്പ് മുറിയിലെ ഷെൽഫിൽ നിന്നും 2.90 ഗ്രാം കഞ്ചാവും, കഞ്ചാവ് ഉപയോഗിക്കാനുള്ള 4 പൊതി പ്രത്യേക പേപ്പറും, പഴകി തുരുമ്പിച്ച ഒരു എയർ പിസ്റ്റളും, ഓൺലൈനിൽ നിന്നും വാങ്ങിയ വിവിധ രൂപത്തിലിലുള്ള കത്തികളും, ചെയിൻ, ഇരുമ്പ്മഴു, പതിനെട്ടര ഇഞ്ച് നീളം ഉള്ള വടിവാൾ എന്നിവയും കണ്ടെടുത്തു.
കുഴൽപണം തട്ടിയെടുത്ത കേസിലെ 16-ാം പ്രതിയും, സ്വർണ്ണ കവർച്ചാ കേസിലെ മൂന്നാം പ്രതിയുമായ ലിബിൻ, ഇപ്പോൾ ജാമ്യത്തിലാണ്. ഈ കേസുകൾ വയനാട് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. പരിശോധനയുടെ വിവരം ക്രൈംബ്രാഞ്ച്, ജില്ലാ പോലീസ് മേധാവിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, കോയിപ്രം പോലീസും ഡാൻസാഫ് സംഘവും സ്ഥലത്തെത്തി പരിശോധനയിൽ പങ്കെടുത്തു. തുടർന്ന്, കണ്ടെടുത്ത ആയുധങ്ങളും കഞ്ചാവും പ്രതിയെയും കോയിപ്രം പോലീസിന് കൈമാറി. തുടർന്ന്, പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരിൽ കോട്ടയം ഗാന്ധിനഗർ പോലീസിലും, കോയിപ്രം, തിരുവല്ല പോലീസ് സ്റ്റേഷനുകളിലും വേറെയും കേസുകളുണ്ട്.
പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി, കഞ്ചാവ് ചെങ്ങന്നൂരുള്ള അതിഥി തൊഴിലാളിയുടെ കയ്യിൽ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞുവെങ്കിലും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണം നടക്കുകയാണ്. ആയുധങ്ങളെപ്പറ്റിയും, ഇയാൾ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.



