Uncategorized

വനമിത്ര പടിയിറങ്ങി ; ‘മഴ മിത്ര’ത്തിൽ നാളെ ആദരവ്

എടത്വ : കാൽനൂറ്റാണ്ടോളം നീണ്ട അദ്ധ്യാപന ജീവിതത്തിൽ നിന്നും ജി.രാധാകൃഷ്ണൻ വിരമിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തിരുവല്ല, ചങ്ങംകരി, കൊടുമൺ അങ്ങാടിക്കൽ, പാരിപ്പള്ളി തുടങ്ങി വിവിധ സ്കൂളുകളിൽ ജോലി ചെയ്തതിനു ശേഷം ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിൽ നിന്നും ആറ് വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം 11-ാം ചരമ വാർഷിക അനുസ്മരണ യോഗത്തിൽ ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെ നേതൃത്വത്തിൽ സമിതിയുടെ സ്ഥാപക വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹ ത്തെ ആദരിക്കുമെന്ന് കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ്, ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ എന്നിവർ അറിയിച്ചു.

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ വളർത്തുന്നതിനും പ്രകൃതി സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിനും അച്ചടിച്ച് മാസംതോറും പ്രസിദ്ധീകരിച്ച ചിമിഴ് മാസിക വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധ പിടിച്ചുപറ്റി. സേവനം ചെയ്ത എല്ലാ വിദ്യാലയങ്ങളിലും കൈയ്യൊപ്പ് ചാർത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി തമിഴ് ബാലികയെ മലയാളം പഠിപ്പിച്ചതും അതുമായി ബന്ധപ്പെട്ട് നിർമ്മിച്ച മലനാട്ടുമൊഴിയും ‘തിണൈ പെറ്റ മകളും’ എന്ന ഡോക്യുമെൻ്ററി ചിത്രം എസ്എസ്എ ഏറ്റെടുക്കുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്തു. കോവിഡ് കാലത്ത് സ്കൂളിൽ നടപ്പാക്കിയ ഹരിതം ഹരിതാഭം പദ്ധതിയിലൂടെ നൂറുകണക്കിന് ഫലവൃക്ഷങ്ങളാണ് കുട്ടികൾ വച്ച് പിടിപ്പിച്ചത്.

വീടില്ലാത്ത സഹോദരന്മാരായ രണ്ട് വിദ്യാർത്ഥികൾക്ക് അടച്ചുറപ്പുള്ള സ്നേഹവീട് നിർമ്മിക്കുന്നതിന് ചുക്കാൻ പിടിച്ചു. നിരന്തരം വനം വകുപ്പുമായി ബന്ധപ്പെട്ട് വിദ്യാലത്തിൽ ‘വിദ്യാവനം’ നടപ്പിലാക്കാൻ കഴിഞ്ഞതും നേട്ടങ്ങളിൽ ചിലത് മാത്രം. കലോത്സവങ്ങൾ, വിവിധ മേളകൾ എന്നിവയുടെ സംഘാടകൻ, അദ്ധ്യാപക സംഘടനാ നേതാവ്, സ്വതന്ത്ര പത്രപ്രവർത്തകൻ, ഫ്രീലാൻസ് ഫോട്ടോഗ്രാഫർ,പക്ഷി നിരീക്ഷകൻ എന്നീ രംഗങ്ങളിലും സജീവ സാന്നിദ്ധ്യമാണ്. പരിസ്ഥിതി പ്രവർത്തകനായ ഇദ്ദേഹം കാർത്തികപ്പള്ളി തോട് വീണ്ടെടുക്കുവാൻ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. സർക്കാർ പുരസ്കാരങ്ങളായ പ്രകൃതി മിത്ര, വനമിത്ര, തുടങ്ങി ഗുരുശ്രേഷ്ഠ,സ്കൂൾ മിത്ര, സത്കർമ്മ, അടുത്ത കാലത്ത് ലഭിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ സി.പി.ചാണ്ടി ആചാര്യ പുരസ്കാരമടക്കം അനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. .ഹരിപ്പാട് പുത്തൻപുരയിൽ പരേതരായ അദ്ധ്യാപകർ കെ. ഗോപാലകൃഷ്ണൻ നായരുടേയും, പി.ബി. രാധാകുമാരി പിള്ളയുടേയും മകനാണ്. എസ്. ജയ ശ്രീയാണ് ഭാര്യ.

മലങ്കര ഓർത്തഡോക്സ് സഭ സംസ്ഥാനത്തെ മികച്ച അദ്ധ്യാപകർക്കായി ഏർപ്പെടുത്തിയിട്ടുള്ള സഭാകവി സി.പി.ചാണ്ടി ആചാര്യ പുരസ്കാരം അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരിപ്പാട് പുത്തൻപുരയിൽ ജി. രാധാകൃഷ്ണന് കുറിയാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പോലിത്ത, തുമ്പമൺ ഭദ്രാസന മെത്രാപ്പോലിത്ത ഡോ. എബ്രഹാം മാർ സെറാഫിം എന്നിവർ ചേർന്ന് പുരസ്കാരം നൽകുന്നു.

 

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page