
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചെന്ന് പോലീസിന് വ്യാജ അപകടസന്ദേശം നൽകിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചെന്ന് മൊബൈൽ ഫോണിൽ വിളിച്ച് പോലീസിന് വ്യാജ അപകടസന്ദേശം നൽകിയ യുവാവിനെ ഉടനടി പിടികൂടി. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലിൽ വീട്ടിൽ സിനു തോമസ് (32) ആണ് പിടിയിലായത്. ഞായർ വൈകിട്ട് 6.15 നാണ് ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും പത്തനംതിട്ട ജില്ലാ പോലീസ് ഇ ആർ എസ് എസ് കൺട്രോൾ റൂമിൽ, സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ അപകടസന്ദേശമടങ്ങിയ പ്രതിയുടെ ഫോൺ വിളി എത്തിയത്. വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ട ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ പോലീസും ബോംബ് സ്‌ക്വാഡും എത്തി വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന്, ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജമാക്കി. യുവാവിന്റെ ഫോൺ ലൊക്കേഷൻ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുൻവശത്താണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ തരത്തിൽ യുവാവിനെ ഉടനടി പിടികൂടി, വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ വിദഗ്ദ്ധ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതി സ്ഥിരമദ്യപാനിയാണ്, രണ്ടാമതും വിവാഹിതനായി. ഒരു മാസം മുമ്പായിരുന്നു കല്യാണം. മദ്യപിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മദ്യപിച്ച് ലക്കുകെട്ടാണ് ഇയാൾ പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ച് ഇത്തരത്തിൽ അറിയിച്ചത്. പത്തനംതിട്ട പോലീസ് എസ് എച്ച് ഓയുടെ ചുമതല വഹിക്കുന്ന മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ കെ എസ് വിജയൻ, പത്തനംതിട്ട എസ് ഐ ഷിജു പി സാം, സി പി ഓമാരായ അഫ്സൽ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് തെരച്ചിൽ നടത്തിയത്.



