News

20 ന് ശബരിമല നടയടക്കും പമ്പയിൽ നിന്നും ഞായർ വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും

ഇത്തവണത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലത്തിന് പരിസമാപ്‌തി കുറിച്ച് 20 ന് നട അടയ്ക്കും. ദർശനം ഞായർ രാത്രി വരെയാണ് ഉണ്ടാവുക, പമ്പയിൽ നിന്നും വൈകിട്ട് 6 വരെ ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടും. പരാതിരഹിതവും സംതൃപ്തവും സുരക്ഷിതവുമായ ശബരിമല ഉത്സവകാലം എല്ലാവരുടെയും ആത്മാർത്ഥസഹകരണത്തിന്റെ ഫലമാണെന്ന് പോലീസ് കോർഡിനേറ്റർ എ ഡി ജി പി എസ് ശ്രീജിത്ത്‌ ഐ പി എസ് പറഞ്ഞു.
ഡിസംബർ 30 ന് മകരവിളക്ക് സീസൺ ആരംഭിച്ചത് മുതൽ ഇന്നലെ വരെ 19,00,789 അയ്യപ്പഭക്തരാണ് ദർശനത്തിന് എത്തിയത്. നവംബർ 15 ന് മണ്ഡല മകരവിളക്ക് ഉത്സവം ആരംഭിച്ചത് മുതൽ ജനുവരി 17 വരെ ആകെ 51, 92,550 പേർ ദർശനം നടത്തി. ദേവസ്വം ബോർഡ്‌, വിവിധ സർക്കാർ വകുപ്പുകൾ, അയ്യപ്പഭക്തർ തുടങ്ങി എല്ലാവരുടെയും തികഞ്ഞ സഹകരണമാണ് അനുഗ്രഹീതമായ നിലയിൽ സീസൺ സമാപിക്കാൻ കാരണമായത്. പോലീസിന് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു, അതിനോട് ദേവസ്വം ബോർഡ് അധികൃതർ തീർത്തും അനുകൂലമായി പ്രതികരിച്ചു എന്നത് എടുത്തുപറയേണ്ടതാണ്. എല്ലാ വകുപ്പുകളും എണ്ണയിട്ട യന്ത്രം പോലെ ഒരുമിച്ച് പ്രവർത്തിച്ചു. അതിലെ പൽചക്രത്തിന്റെ ഒരു പല്ല് മാത്രമായിരുന്നു പോലീസ്. അത് മികച്ചൊരു പല്ലായിരുന്നു എന്നുവേണം പറയാൻ. എല്ലാവർക്കും നന്ദി പറയുന്നതായും പോലീസ് കോർഡിനേറ്റർ അറിയിച്ചു.
മകര ജ്യോതി ദർശനം കഴിഞ്ഞ് എത്രയും വേഗം വീടുകളിലെത്താൻ ഭക്തർ ശ്രമിക്കണമെന്ന പോലീസിന്റെ ഏറ്റവും ഒടുവിലെ അഭ്യർത്ഥനയും അവർ ഉൾക്കൊണ്ടു, അതിനാൽതന്നെ ഭക്തരുടെ തിരിച്ചുള്ള യാത്ര തിരക്കില്ലാതെ നിയന്ത്രിക്കാനും പോലീസിന് സാധിച്ചു. ശബരിമലയിൽ സുഖദർശനത്തിനായി സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിജയപ്രദമായി നടപ്പിലാക്കാൻ പോലീസിന് സാധിച്ചു. ശബരിമലയിലേക്ക് എത്തിയ എല്ലാവരും ശരിയായ വിധത്തിൽ അവ ഉൾക്കൊണ്ട് കൃത്യമായി പാലിക്കുകയും ചെയ്തതുകൊണ്ടുകൂടിയാണ് മികച്ച നിലയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലം സമാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page