News

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം : ജില്ലാ കലക്ടര്‍ /അപേക്ഷ ക്ഷണിച്ചു/അഭിമുഖം/ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

വിദ്യാര്‍ഥികളുടെയാത്രാസൗകര്യം:  യോഗം ജൂണ്‍ നാലിന്

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം : ജില്ലാ കലക്ടര്‍

അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട മുന്നൊരുക്കം സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ കെട്ടിടത്തിന് തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. സ്‌കൂളിനടുത്തുള്ള ജലാശയങ്ങള്‍ക്ക് സുരക്ഷാ ഭിത്തിയുണ്ടാകണം.  പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം. ഇഴജന്തുക്കള്‍ കയറാന്‍ സാധ്യതയുള്ള ഇടങ്ങള്‍ പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തും.കുട്ടികളുടെ യാത്രയില്‍ സുരക്ഷാ മാനദണ്ഡം പാലിക്കണം. റോഡിനിരുവശവും കൃത്യമായ ഇടവേളകളില്‍ സ്പീഡ് ബ്രേക്കര്‍/ഹമ്പുകള്‍ സ്ഥാപിക്കും. റെയില്‍ ക്രോസിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനം ഒരുക്കും. സ്‌കൂള്‍ പരിസരത്തെ കടകളില്‍ പൊലിസും എക്സൈസും കൃത്യമായ പരിശോധന നടത്തും. കുട്ടികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ അധ്യാപകര്‍ രക്ഷിതാക്കളെ വിളിച്ച് വിവരം അന്വേഷിക്കണം.
 പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കണം. കുടിവെള്ള ടാങ്ക്, കിണര്‍, മറ്റ് ജലസ്രോതസുകള്‍, സ്‌കൂള്‍ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങള്‍ എന്നിവ അണുവിമുക്തമാക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പു വരുത്തണം. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ദിവസം ഉച്ചഭക്ഷണ വിതരണം ആരംഭിക്കും.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. സ്‌കൂള്‍ തുറക്കുന്ന ദിവസം മുതല്‍ വിദ്യാവാഹിനി പദ്ധതി ആരംഭിക്കും.
സ്‌കൂള്‍ ബസിന്റെ ഫിറ്റ്നസ്, വാഹനത്തില്‍ കയറ്റാവുന്ന കുട്ടികളുടെ എണ്ണം മുതലായവ സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് നിഷ്‌കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം.  കുട്ടികളുടെ യാത്രാ സമയങ്ങളില്‍ ഹെവി വാഹനങ്ങള്‍ നിയന്ത്രിക്കും. കെ.എസ്.ആര്‍.ടി.സി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, പൊലിസ്, കെ.എസ്.ഇ.ബി, എക്സൈസ്, സാമൂഹ്യനീതി, വനിതാ ശിശു വികസനം, പട്ടിക വര്‍ഗം, വനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌കൂള്‍തല യോഗം ചേരണം. വനം-തോട്ടം മേഖലകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് സഞ്ചരിക്കുന്ന പാതയിലെ കുറ്റിക്കാടുകള്‍ വെട്ടി മാറ്റുകയും വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളയിടങ്ങളില്‍ സംരക്ഷണ വേലി കെട്ടി സുരക്ഷാ സംവിധാനം ഒരുക്കാനും  തദ്ദേശ സ്വയംഭരണം, വനംവകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
 ജില്ലാ പൊലിസ് മേധാവി വി.ജി വിനോദ്കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്‍ അനില, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വനിതാ കമ്മിഷന്‍ അദാലത്ത്: 17 പരാതിക്ക് പരിഹാരം

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ 17 പരാതി തീര്‍പ്പാക്കി. ആകെ ലഭിച്ചത് 60 എണ്ണം. ഏഴെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും രണ്ട് എണ്ണം ജാഗ്രതാസമിതിക്കും നല്‍കി.   ജില്ലാ നിയമ സഹായ വേദിയിലേക്ക് രണ്ട് പരാതി കൈമാറി. 32 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്‍കി. അഡ്വ. സിനി, അഡ്വ. രേഖ,
കൗണ്‍സലര്‍മാരായ ജാനറ്റ് സാറ ജെയിംസ്, നീമ ജോസ്, പൊലിസ് ഉദ്യോഗസ്ഥരായ സ്മിത രാജ്, ഇ കെ കുഞ്ഞമ്മ  എന്നിവര്‍  പങ്കെടുത്തു.

മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സേവനം ഉപയോഗിക്കാം

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ സേവനം ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിന് ഉപയോഗിക്കാം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിന് 4000 രൂപയും പരിധിക്ക് പുറത്ത് 5000 രൂപയുമാണ് ഫീസ്. ആധുനിക യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടുന്ന പ്ലാന്റ് വീടുകളിലെത്തി സെപ്റ്റിക് ടാങ്ക് ശുചിയാക്കും.
ഫോണ്‍ –  8943198777, 9048018988, 0473 217150

ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

അസാപ് കേരളയുടെ  കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക്  പ്രവേശനം ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്.  
https://csp.asapkerala.gov.in/courses/general-fitness-trainer   ഫോണ്‍  –  9495999704

 വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം:  യോഗം ജൂണ്‍ നാലിന്

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍, യാത്രാസൗകര്യം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് പത്തനംതിട്ട കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, കെഎസ്ആര്‍ടിസി/ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

അഭിമുഖം

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് നിയന്ത്രണത്തിലുളള ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് താല്‍കാലിക ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക് തസ്തികയിലേക്കും നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്, സര്‍ക്കാര്‍ അംഗീകൃത ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 18 – 36. എസ് സി/ എസ് ടി വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 41.  അപേക്ഷയോടൊപ്പം വിദ്യാഭ്യാസം, ജാതി /പ്രവൃത്തി പരിചയം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം.  ഫോണ്‍ : 04735 227703.

മരങ്ങള്‍ മുറിച്ചു മാറ്റണം

വളളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുളള അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളള പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം. പ്രായപരിധി – 21-35. സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ. പരിശീലന കാലാവധി ഒരുവര്‍ഷം. പ്രതിമാസ ഓണറേറിയം 20,000 രൂപ.  അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ അഞ്ചിന് സമര്‍പ്പിക്കണം. ജില്ലാ, ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് അപേക്ഷ ലഭിക്കും. ഫോണ്‍ : 0468-2322712.

അപേക്ഷ ക്ഷണിച്ചു

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി ജി ഡിപ്ലോമ, ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്,  ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ /ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് ബിരുദമാണ് പി ജി ഡിപ്ലോമയ്ക്ക്  യോഗ്യത. ബിരുദം /ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമയാണ്  ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സിന്റെ യോഗ്യത.
വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം സബ് സെന്ററില്‍ ചുവര്‍ ചിത്രകല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു.  യോഗ്യത എസ്എസ്എല്‍സി.  അവസാന തീയതി ജൂണ്‍ 10. അപേക്ഷാ ഫീസ് 200 രൂപ.  www.vasthuvidyagurukulam.com  ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍ : 04682319740, 9188089740.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page