
തടിവെട്ടിക്കൊണ്ടുപോയ പ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു
തടിവെട്ടിക്കൊണ്ടുപോയ
പ്പോഴുണ്ടായ തർക്കത്തെ തുടർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അതുമ്പുംകുളം പുതുപ്പറമ്പിൽ വീട്ടിൽ ജോസഫ് (63) ആണ് അറസ്റ്റിലായത്. കോന്നി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ആണ്. അതുമ്പുംകുളം കൊന്നപ്പാറ കുറുമ്പേശ്വരത്ത് വീട്ടിൽ ജോസിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മരക്കുറ്റി കൊണ്ടുള്ള അടിയിൽ നെറ്റിക്കും കൈക്കും പരിക്കുപറ്റി, അടി തടഞ്ഞപ്പോൾ കൈക്ക്പൊട്ടലേൽക്കുകയായിരുന്നു. കേസെടുത്ത കോന്നി പോലീസ് പ്രതിയെ ഉടനടി പിടികൂടി.
ജോസിന്റെ വസ്തുവിലെ തടി വെട്ടിക്കൊണ്ടുപോയപ്പോൾ റോഡിനു കെടുപാടുകൾ സംഭവിച്ചതിലെ തർക്കമാണ് ആക്രമത്തിന് പ്രകോപനമായത്. കൊന്നപ്പാറ ചെങ്ങറ റോഡിൽ കാറിൽ സഞ്ചരിക്കവേയാണ് കാർ തടഞ്ഞുനിർത്തി പ്രതി ആക്രമിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ഏഴിനാണ് ഇരുവരുടെയും വീടുകൾക്ക് സമീപം വച്ച് സംഭവം ഉണ്ടായത്. വീടുകൾക്ക് സമീപമുള്ള റോഡിൽ തടി കയറ്റുമ്പോഴാണ്, മുമ്പ് വിരോധത്തിൽ കഴിഞ്ഞുവന്ന ജോസും ജോസഫും തമ്മിൽ സംസാരിച്ച് തർക്കത്തിൽ ഏർപ്പെട്ടത്. തടി കയറ്റുമ്പോൾ റോഡിനു നാശമുണ്ടാകുന്നു എന്ന് ചൊല്ലിയാണ് സംസാരമുണ്ടായതും തർക്കത്തെ തുടർന്ന് പിന്നീട് ജോസഫ് മരക്കുറ്റി കൊണ്ട് ആക്രമിച്ചതും.
ജോസിന്റെ മൊഴിപ്രകാരം ഇന്നലെ എസ് ഐ വിമൽ രംഗനാഥ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കുകയും, പ്രതിയെ ശനിയാഴ്ച രാത്രി 10 മണിയോടെ കോന്നി ടൗണിൽ നിന്നും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് ഇൻസ്പെക്ടർ പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ജോസഫ് കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.



