
റോഡ്നിർമ്മാണത്തിലെഅപാകതയിൽ നാട്ടുകാരുടെ പ്രതിക്ഷേധം; പരിഹരിക്കാൻ പ്രമോദ് നാരായൺ എംഎൽഎയുടെ ഇടപെടൽ
റാന്നി: ജണ്ടായിക്കൽ – വലിയകുളം -അത്തിക്കയം റോഡ് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. .
4 കോടി രൂപ ചിലവഴിച്ചുള്ള റോഡ് പുനരുധരനത്തിൽ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയും നിർമ്മാണം നടന്ന സ്ഥലങ്ങളിൽ ടാറിങ് ഇളകിയത് സംബന്ധിച്ചും ജനങ്ങൾ പരാതി നൽകുകയും നിരവധി മാധ്യമ വാർത്തകൾ വരികയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിൻ്റെ അടിസ്ഥാനത്തിൽ ചീഫ് എൻജിനീയർ അടക്കമുള്ള ഉന്നതതല സംഘവും പൊതുമരാമത്ത് ക്വാളിറ്റി വിഭാഗവും റോഡിൽ പരിശോധന നടത്തിയിരുന്നു എങ്കിലും പരാതിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾക്ക് പരിഹാരം ഉണ്ടായിട്ടില്ല. പെരുമാറ്റ ചട്ടം നിലവിൽ ഉണ്ടായിരുന്നതിനാൽ ഉദ്യോഗസ്ഥ തലത്തിൽ മാത്രം സ്വീകരിച്ച നടപടികൾ ഫലം കാണാത്തതിനാലാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപെട്ട് ഇപ്പൊൾ കത്ത് നൽകിയത്..
റോഡ് നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിർമ്മാണത്തിലെ അപാകതകൾ പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപെട്ടു.



