
ജില്ലാ പോലീസ് ഡാൻസാഫ് ടീമും കോയിപ്രം പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി
രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പോലീസ് ഡാൻസാഫ് ടീമും കോയിപ്രം പോലീസും ചേർന്ന് നടത്തിയ റെയ്ഡിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിലായി. കോയിപ്രം കരിയില മുക്ക് ചെറുതിട്ട വീട്ടിൽ സി ബി പ്രസന്നൻ (52) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തെതുടർന്നാണ് പ്രതി കഞ്ചാവുമായി കുടുങ്ങിയത്.16 ന് വൈകിട്ട് 7 നുശേഷമായിരുന്നു പരിശോധനയാരംഭിച്ചത്. റെയ്‌ഡിന് കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാർ നേതൃത്വം നൽകി. പ്രതിയുടെ കൈവശത്തുനിന്നും കവറിലാക്കി വച്ച നിലയിൽ 30 ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെതുടർന്ന്, വിശദമായ ചോദ്യം ചെയ്യലിൽ വീട്ടിനുള്ളിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന് പോലീസിന് ബോധ്യപ്പെട്ടു. തുടർന്ന്, വീട് പരിശോധിച്ചപ്പോൾ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ ഇരുന്ന ഭാഗത്തുനിന്നും 20 ഓളം ചെറുപൊതികളും രണ്ട് കിലോ തൂക്കം വരുന്ന കഞ്ചാവിന്റെ പൊതിയുംകണ്ടെടുക്കുകയായിരുന്നു. ബ്രൗൺ നിറത്തിലുള്ള പാക്കിങ് ടേപ്പ് ഒട്ടിച്ച് പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിൽപ്പനക്കായി സൂക്ഷിച്ചതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോയിപ്രം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു, രാത്രി 11.45 ന് പ്രതിയെ അറസ്റ്റ് ചെയ്തു.തുടർന്ന്, ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് വിശദമായി പോലീസ് ചോദ്യം ചെയ്തു. കോയിപ്രം പോലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ് ഐ ഷൈജു, എസ് സി പി ഓമാരായ വിപിൻ, ജോബിൻ ജോൺ, രതീഷ്, സി പി ഓമാരായ അനന്തകൃഷ്ണൻ, വിപിൻ രാജ്, അനന്ദു , പരശുറാം എന്നിവരാണ് ഉണ്ടായിരുന്നത്.. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


