News

20 പവൻ സ്വർണവും പണവും ഉപകരണങ്ങളും കവർന്നകേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ

വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്ന കേസിൽ കൊടുംക്രിമിനൽ ഉൾപ്പെടെ രണ്ടുപേരെ കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട
കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43)എന്നിവരെയാണ് പോലീസ് സംഘം ദിവസങ്ങൾക്കുള്ളിൽ തന്ത്രപരമായി വലയിലാക്കിയത്. ഈമാസം 15 ന് രാവിലെ 10 നും 17 ന് വൈകിട്ട് 5 നുമിടയിലുള്ള സമയത്ത് കുന്നന്താനം കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇവർ ഇരുവരും മാത്രമാണ് വീട്ടിൽ താമസം, രണ്ടു മക്കളും വിദേശത്താണ്.
15 ന് ഇവർ കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ പോയിരുന്നു, 17 ന് വൈകിട്ട് അഞ്ചോടെയാണ് തിരിച്ചെത്തിയത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു.അകത്ത് കയറിയപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലും. തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. അഥിതികൾക്കുള്ള മുറിയിലെ രണ്ട് തടി അലമാരകളും തുറന്നിട്ട് തുണികളും മറ്റും വാരി പുറത്തിട്ട നിലയിൽ കണ്ടു. അടുക്കളയും അലങ്കോലമാക്കപ്പെട്ടിരുന്നു. മോഷണം നടന്നതായി തിരിച്ചറിഞ്ഞപ്പോൾ അയൽവാസികളോട് വിവരം പറഞ്ഞു. 16 ന് രാത്രി 12 ന് ശേഷം പട്ടികൾ കുരച്ചു ബഹളമുണ്ടാക്കിയതായി അറിഞ്ഞു.
വീട്ടിൽ പരിശോധന നടത്തിയ വൃദ്ധ ദമ്പതികൾക്ക് സ്വർണാഭരണങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും കവർച്ച ചെയ്തതായി വ്യക്തമായി. കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയിലും ഭിത്തിഅലമാരയിലും, അതിഥികൾ വരുമ്പോൾ താമസിക്കുന്ന മുറിയിലെ രണ്ട് തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന ആകെ 20 പവൻ സ്വർണവും, ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സിസിടിവിയുടെ ഡിവിആറും, മോണിറ്ററും 4000 രൂപ വിലവരുന്ന 5 വാച്ചുകളും കവർച്ചചെയ്യപ്പെട്ടു.
നഷ്ടപ്പെട്ട 160 ഗ്രാം സ്വർണാഭരണങ്ങളുടെ കൂട്ടത്തിൽ നാലു സ്വർണമാലകൾ രണ്ട് ലോക്കറ്റ്, അഞ്ചു വളകൾ, രണ്ട് വിവാഹമോതിരങ്ങൾ, ആറ് ജോഡി കമ്മലുകൾ എന്നിവയാണുള്ളത്. കൂടാതെ, 15,000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ, 8000 രൂപയുടെ യുഎസ് ഡോളർ, 11500 രൂപയുടെ മൂല്യമുള്ള യു എ ഇ ദിർഹം എന്നിവയും കവർച്ച ചെയ്യപ്പെട്ടു. ആകെ 12,39,500 രൂപയുടെ മുതലുകൾ നഷ്ടപ്പെട്ടിരുന്നു.
വിവരമറിഞ്ഞ കീഴ്‌വായ്‌പ്പൂർ പോലീസ് 18 ന് വീട്ടിലെത്തി മത്തായിയുടെ ഭാര്യ ലില്ലി മത്തായിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ് ഐ സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ദ്ധർ ശാസ്ത്രീയ അന്വേഷണം സംഘം ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ കീഴ്‌വായ്‌പ്പൂർ പോലീസ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. വീട്ടിലെയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. പ്രതികളെന്ന് തിരിച്ചറിഞ്ഞ ഇരുവരെയും തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, കീഴ്വായ്‌പ്പൂർ എസ് എച്ച് ഓ വിപിൻ ഗോപിനാഥൻറെ നേതൃത്വത്തിലുമുള്ള പ്രത്യേകസംഘം തിരുവനന്തപുരത്തുനിന്നും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഏറെ ശ്രമകരമായ നീക്കങ്ങളിലൂടെയാണ് മോഷ്ടാക്കളെ പോലീസ് കീഴടക്കിയത്. പോലീസ് സംഘത്തിൽ എസ് ഐ മനോജ്‌ കുമാർ, എസ് സി പി ഓമാരായ മനോജ്‌, അഖിലേഷ്,സി പി ഓമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തു, തുടർന്ന് സംഭവസ്ഥലത്തും മറ്റും എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.
ഒന്നാം പ്രതി അനിൽകുമാർ തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണം മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉൾപ്പെടെയുള്ള 17 കേസുകളിൽ പ്രതിയാണ്. 2005 മുതൽ 2021വരെയുള്ള കാലയളവിനിടെ എടുത്ത ക്രിമിനൽ കേസുകളാണിവ. ഇവയിൽ 6 കേസുകൾ കവർച്ച നടത്തിയതിന് രജിസ്റ്റർ ചെയ്തവയാണ്. 4 കേസുകൾ മോഷണത്തിനെടുത്തതും. മറ്റുള്ളവ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റും രജിസ്റ്റർ ചെയ്തവവയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പേരൂർക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാൾ. രണ്ടാം പ്രതി പോക്സോ ഉൾപ്പെടെ മൂന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബാലരാമപുരം നെയ്യാറ്റിൻകര, നരുവമ്മൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page