
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. മെഴുവേലി കൈപ്പുഴ വടക്ക് പൂക്കൈത ചെങ്ങന്നൂർ വിളയിൽ വീട്ടിൽ പാണിൽ ബിജു എന്ന് വിളിക്കുന്ന ബിജു മാത്യു(48) വിനെയാണ് ഇലവുംതിട്ട പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 3 (1)(2) പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം ഈ മാസം 5 നാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്. 2002 മുതൽ ഇതുവരെ 30 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെയുള്ള 5 കേസുകളാണ് ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 4 കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. അറിയപ്പെടുന്ന റൗഡിയായ പ്രതിക്ക് ജില്ലയ്ക്ക് പുറത്ത് ചാലക്കുടി മാന്നാർ മാവേലിക്കര എന്നിവടങ്ങളിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. 2012 ൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ പ്രതി വീണ്ടും കുറ്റകൃത്യങ്ങൾ തുടർന്നു. പിന്നീട് കാപ്പ വകുപ്പ് 15(1) പ്രകാരം ഐ ജി യുടെ ഉത്തരവുണ്ടാവുകയും 2015 ൽ ഒരുവർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കാലാവധിക്ക് ശേഷവും അടിക്കടി സമാധാനലംഘനം നടത്തിയ ഇയാൾക്ക് 2020 ൽ ഡി ഐ ജി, മേലിൽ കുറ്റകൃത്യങ്ങളിൽ പെടരുതെന്ന് ശക്തമായ താക്കീത് നൽകി. എന്നാൽ കാപ്പ നിയമപ്രകാരം മൂന്നു തവണ നിയമനടപടികൾ സ്വീകരിച്ചിട്ടും അതീവ ഗുരുതര കുറ്റകൃത്യങ്ങൾ ഇയാൾ പിന്നെയും തുടർന്നുവന്നു. അതിനാൽ 15(1) അനുസരിച്ച് 2021 ൽ ഡി ഐ ജി നിയമനടപടി കൈകൊണ്ടു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചു. 2021 ൽ നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിലേക്ക് പന്തളം പോലീസ് സ്റ്റേഷനിൽ നിന്നും അടൂർ സബ് ഡിവിഷണൽ രജിസ്ട്രേറ്റ് കോടതിക്ക് 107 സി ആർ പി സി പ്രകാരം റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വിചാരണ ആരംഭിച്ചുവെങ്കിലും ഇയാൾ ബോണ്ട് വച്ചിരുന്നില്ല. അടുത്തവർഷം 110 സി ആർ പി സി പ്രകാരം നടപടിക്ക് റിപ്പോർട്ട് നൽകി. കോടതിയിൽ വിചാരണ തുടങ്ങിയെങ്കിലും അപ്പോഴും ഇയാൾബോണ്ട്‌വച്ചില്ല.പ്രതിക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്. അടിപിടി, വധശ്രമം, വീടുകയറി ആക്രമണം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം കവർച്ച ,വീട് തകർക്കൽ, സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ,, പൊതുമുതൽ നശിപ്പിക്കൽ അതിക്രമിച്ചുകടക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, ലഹളയിൽ ഏർപ്പെടൽ, തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ് പ്രതി. ജില്ലയിൽ പന്തളം, പത്തനംതിട്ട, എന്നിവടങ്ങളിലാണ് കേസുകളുള്ളത്



