
സ്കൂളിൽ പുതുതായി എസ് പി സി പദ്ധതി ഉദ്ഘാടനം ചെയ്തു
സംസ്ഥാന സർക്കാർ നടപ്പാക്കിയ എസ് പി സി പദ്ധതി അടൂർ പള്ളിക്കൽ പി യു എസ് പി എം എച്ച് എസ് ആൻഡ് വി എച്ച് എസ് എസിലും ആരംഭിച്ചു. ഈ അധ്യയനവർഷം മുതൽ പ്രവർത്തനം തുടങ്ങിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഭദ്രദീപം തെളിയിച്ച് ഇന്ന് ഉദ്ഘാടനം ചെയ്തു. സ്കൂൾ വിദ്യാർത്ഥികളെ പൗരബോധവും ലക്ഷ്യബോധവും സേവന സന്നദ്ധതയുമുള്ള പുതുതലമുറയായി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ് എസ് പി സി പദ്ധതി.
ജില്ലാ പോലീസും വിദ്യാഭ്യാസവകുപ്പും ചേർന്ന് നടത്തുന്ന പദ്ധതി ഈവർഷം മുതലാണ് ഈ സ്കൂളിൽ തുടങ്ങിയത്. ചടങ്ങിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. എസ് പി സി ജില്ലാ നോഡൽ ഓഫിസർ അഡീഷണൽ എസ് പി ഓ വി ബേബി പദ്ധതിയെ സംബന്ധിച്ച വിശദീകരണം നൽകി. സ്കൂൾ മാനേജർ റ്റി എസ് പത്മകുമാരി സ്വാഗതവും എസ് പി സി സി പി ഒ, അരവിന്ദ് എസ് പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ജി ജഗദീശൻ, ശങ്കരി ജെ ഉണ്ണിത്താൻ, അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാർ, എസ് എച്ച് ഓ ശ്യാം മുരളി, പി ടി എ പ്രസിഡന്റ് വി കെ പ്രകാശ് ബാബു, വി എച്ച് എസ് പ്രിൻസിപ്പൽ സി എസ് സനൽ കുമാർ, കെ രമാമണിയമ്മ, ആർ ശിവപ്രസാദ്, കെ എം സന്ദീപ്, രമ്യാ രാജൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.



