
എസ് ഐ സജീവ് മണക്കാട്ടുപുഴയുടെ 111 ദിനവിശേഷങ്ങൾ എന്ന പുസ്തകം എസ് പി പ്രകാശനം ചെയ്തു
പോലീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ സജീവ് മണക്കാട്ടുപുഴയുടെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു. ‘111 ദിനവിശേഷങ്ങൾ’ എന്ന് പേരിട്ട ലേഖനസമാഹാരം ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാറിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. നിലവിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ ഗ്രേഡ് സബ് ഇൻസ്‌പെക്ടർ ആയി ജോലിചെയ്യുന്ന സജീവിന്റെ ആദ്യപുസ്തകം ‘ കല്ലുപെൻസിൽ ‘ എന്ന പേരിൽ 2021 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരമായിരുന്നു. 111 ദിവസങ്ങളുടെ പ്രത്യേകതകൾ പഠിച്ച് തയാറാക്കിയ പുതിയ പുസ്തകം, കോഴിക്കോട് തിങ്ക്ലി പബ്ലിക്കേഷൻസ് ആണ് പുറത്തിറക്കിയത്. ആനുകാലികങ്ങളിൽ കഥകൾ, കവിതകൾ ലേഖനങ്ങൾ തുടങ്ങിയവ എഴുതിവരുന്ന സജീവിന്റെ പഠനലേഖനം സി ബി ഐ ബുള്ളറ്റിനിൽ മുമ്പ് അച്ചടിച്ചിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ കഥകളും മറ്റും അവതരിപ്പിക്കാറുണ്ട്. സംസ്ഥാന പോലീസ് പ്രസിദ്ധീകരിച്ച ‘ സല്യൂട്ട് ‘ ‘പരേഡ് ‘ കഥാസമാഹാരങ്ങളിൽ കഥകൾ ഉൾപ്പെടുത്തപ്പെട്ടിരുന്നു. പ്രകാശനചടങ്ങിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗീസ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ഡി സി ആർ ബി, സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ എന്നീ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



