
പന്തളംമണികണ്ഠൻആൽത്തറയിലെ ഒരു കടയുടെ മുന്നിൽ വച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ചുകടന്നയാൾ പിടിയിലായി
കടയുടെ മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ചുകടന്നയാളെ പന്തളം പോലീസ് വിദഗ്ദ്ധമായി പിടികൂടി. പള്ളിക്കൽ പഴകുളം പുള്ളിപ്പാറ ശ്യാം നിവാസിൽ ശ്യാം കുമാർ (37) ആണ് അറസ്റ്റിലായത്. കടയ്ക്കാട് കുരുമ്പോലിൽ ശ്യാം കുമാറിന്റെ ഹോണ്ട ആക്ടിവ ഇനത്തിൽപെട്ട ഒരു ലക്ഷം രൂപ വിലവരുന്ന സ്കൂട്ടർ 19 ന് ഉച്ചയ്ക്ക് 12 നാണ് മോഷണം പോയത്. പന്തളം മണികണ്ഠൻ ആൽത്തറയിലെ ഒരു കടയുടെ മുന്നിൽ വച്ചിരിക്കുകയായിരുന്നു സ്കൂട്ടർ.
പിറ്റേന്ന്, ശ്യാം കുമാർ പന്തളം സ്റ്റേഷനിൽ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ് സി പി ഓ ജയനാണ് മൊഴി രേഖപ്പെടുത്തിയത്. പോലീസ് സംഘം സ്ഥലത്തേയും പരിസരത്തെയും സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് മോഷ്ടാവിനെ ഉടനടി തിരിച്ചറിഞ്ഞു. ഇയാൾ സ്കൂട്ടറുമായി വിവിധ സ്ഥലങ്ങളിൽ കറങ്ങിനടക്കുകയാണെന്ന് മനസ്സിലാക്കി.ഇതര ജില്ലകളിലെ പോലീസ് കണ്ട്രോൾ റൂമുകളിലൂടെയും മറ്റും വിവരം കൈമാറുകയും, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ തിരുവനന്തപുരം ഭാഗത്ത് ഇയാൾ ഉണ്ടെന്ന് ഇന്നലെ വൈകിട്ടോടെ വ്യക്തമായി. പിന്നീട് നടത്തിയ തന്ത്രപരമായ നീക്കത്തിൽ മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന്, തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നും പ്രതിയെ പിടികൂടി പന്തളത്തെത്തിച്ചു. സ്കൂട്ടറും കണ്ടെടുത്തു, ഉടമയെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ഇന്ന് രാവിലെ 9 ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ് ഐ അനീഷ് എബ്രഹാം, എസ് സി പി ഓമാരായ കെ അമീഷ്, എസ് അൻവർഷാ എന്നിവരാണ് ഉണ്ടായിരുന്നത്.



