
കരുതൽ തടങ്കൽ ഉത്തരവായ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയെ സാഹസികമായി പിടികൂടി
ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിട്ട കാപ്പ കേസിൽ ഉൾപ്പെട്ട കൊടുംക്രിമിനലിനെ, ശ്രമകരമായ ദൗത്യത്തിൽ അതിസാഹസികമായ നീക്കത്തിലൂടെ പുളിക്കീഴ് പോലീസ് കീഴ്പ്പെടുത്തി. വധശ്രമം ഉൾപ്പെടെ 37 ഓളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തിരുവല്ല നിരണം കിഴക്കുംഭാഗം മുണ്ടനാരി മുണ്ടനാരിൽ വീട്ടിൽ മുണ്ടനാരി അനീഷ് എന്ന അനീഷ്കുമാർ (39) ആണ് പിടിയിലായത്. നാളുകളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിരന്തരം പൊതുജീവിതത്തിന് തടസ്സം സൃഷ്ടിച്ച്, പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വൈരവിഹാരം നടത്തിവന്നയാളാണ് പ്രതി. മൊബൈൽ ഫോൺ ഉപയോഗിക്കാതെ പോലീസിനെ വട്ടം കറക്കി നാട്ടിൽ ഭീതിപരത്തിനടന്ന യുവാവിനെ വളരെ സാഹസികമായാണ് പുളിക്കീഴ് പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ കെ അജിത്ത് കുമാർ പോലീസ് ഉദ്ദ്യോഗസ്ഥരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധയിടങ്ങളിൽ തെരച്ചിലിനായി നിയോഗിച്ചിരുന്നു. ആലപ്പുഴ, അമ്പലപ്പുഴ, ശൂരനാട്, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ദിവസങ്ങളോളം രാപ്പകലില്ലാതെ അന്വേഷണത്തിലായിരുന്നു പോലീസ് സംഘങ്ങൾ. പോലീസ് കണ്ടെത്തുമെന്ന് തിരിച്ചറിഞ്ഞ പ്രതി, മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് വെല്ലുവിളി ഉയർത്തി. ഈ സാഹചര്യത്തിൽ, സൈബർ സെല്ലിന്റെ സഹായത്തോടെ, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികളുടെ ഫോൺ കോളുകൾ പരിശോധിച്ചും മറ്റും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇന്നലെ പ്രതി സൈക്കിൾ മുക്ക് പൊടിയാടി റോഡിൽ ബൈക്കിൽ സഞ്ചരിക്കുന്നതായി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചറിഞ്ഞു. തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലും മൂന്ന് ബൈക്കുകളിലായി പോലീസ് പിൻതുടർന്നു . ഇത് മനസ്സിലാക്കി പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിവിദഗ്ദ്ധമായി പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.പോലീസ് സംഘത്തിൽ എ എസ്സ് ഐ വിനോദ്, സി പി ഒ മാരായ അനൂപ്, സുധീപ്, രഞ്ജു കൃഷ്ണൻ, അരുൺ ദാസ്, അലോക്, നിതിൻ തോമസ്, സന്ദീപ്, വിനീത് കുമാർ, രവി, കുമാർ, സജിൽ, ജേക്കബ്, മനോജ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. രണ്ടാഴ്ച്ചയായി വിവിധ സ്ഥലങ്ങളിൽ ഒളിച്ചുകറങ്ങിയ പ്രതിയെ പുളിക്കീഴ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും, ദൈനംദിന ഡ്യൂട്ടികളോടൊപ്പം ഒരേ മനസ്സോടെ പണിപ്പെട്ടാണ് കൊടുംക്രിമിനലിനെ കസ്റ്റഡിയിലെടുത്തത്. എസ് എച്ച് ഓയുടെ നിർദേശപ്രകാരം, തേടിപ്പിടിച്ച രഹസ്യ വിവരങ്ങൾ പരിശോധിച്ച് നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പിടികൂടിയ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അനുമോദിക്കുകയും, ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് ക്യാഷ് റീവാർഡ് സമ്മാനിക്കുകയും ചെയ്തു. പോലീസ് ഇൻസ്പെക്ടർ കെ അജിത് കുമാറും സന്നിഹിതനായിരുന്നു. 2007 മുതൽ ഇയാൾ ക്രിമിനൽ കേസുകളിൽ ഏർപ്പെട്ടുവരികയാണ്. പുളിക്കീഴ്, നൂറനാട്, ആറന്മുള, തിരുവല്ല, വീയാപുരം, മാന്നാർ, വടക്കഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 37 ഓളം കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അടിപിടി, പൊതുജനശല്യം, വീടുകയറി ആക്രമണം, മാരകായുധങ്ങളുമായി ആക്രമണം, കൊലപാതകശ്രമം, മോഷണം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, സംഘം ചേർന്ന് ആക്രമണം, കഠിനാദേഹോപദ്രവം ഏൽപ്പിക്കൽ, ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിക്കൽ, കഞ്ചാവ് ഉപയോഗം, മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, അബ്കാരിനിയമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് എടുത്ത കേസുകളാണ് ഇവ. പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ 2009 ൽ ഉൾപ്പെട്ടയാളാണ് പ്രതി. കാപ്പ നിയമം വകുപ്പ് 2(പി ), (ii ) പ്രകാരം അറിയപ്പെടുന്ന റൗഡിയായ ഇയാൾ ക്കെതിരെ കാപ്പ വകുപ്പ് 3(i) അനുസരിച്ച് കരുതൽ തടങ്കലിലടയ്ക്കുന്നതിനുവേണ്ട ഉത്തരവിനായി ജില്ലാ പോലീസ് മേധാവി ശുപാർശ മാർച്ച് 29 ന് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിരുന്നു. ശുപാർശയിൽ ഇയാൾ പ്രതിയായ ഏഴ് കേസുകളാണ് ഉൾപ്പെടുത്തിയിരുന്നത്, ഇതിൽ ആറു കേസുകളും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതും, ഒരെണ്ണം പുളിക്കീഴ് പോലീസിന്റെ അന്വേഷണത്തിൽ തുടരുന്നതുമാണ്. തുടർന്ന് ജില്ലാ കളക്ടർ മേയ് 22 ന് ആറുമാസത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലോടെ സാഹസികമായി പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്ത്, ഇന്ന് പുലർച്ചെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.
ദേഹോദ്രവം ഏൽപ്പിക്കൽ, കഠിനദേഹോപദ്രവം, മനപ്പൂർവ്വം അല്ലാത്ത നരഹത്യാശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം തുടങ്ങിയവ കുറ്റകൃത്യങ്ങളുടെ പേരിൽ എടുത്ത കേസുകളാണ് ഉത്തരവിനായി പരിഗണിക്കാൻ ഉൾപ്പെടുത്തിയത്. കൂട്ടാളികൾക്കൊപ്പം ചേർന്ന് നടത്തിയ ഈ കുറ്റകൃത്യങ്ങളിൽ ഇയാൾ ഒന്നാം പ്രതിയാണ്. ഒടുവിലെ കേസ് പുളിക്കീഴ് സ്റ്റേഷനിൽ ഈ വർഷം മേയ് എട്ടിന് എടുത്തതാണ്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന പ്രതിക്കെതിരെ 2021 ഫെബ്രുവരിയിൽ 107 സി ആർ പി സി പ്രകാരമുള്ള നടപടിക്കായി തിരുവല്ല എസ് ഡി എം കോടതി മുമ്പാകെ, പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിചാരണയെ തുടർന്ന് മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിൽ പോയെങ്കിലും, പിന്നീട് 2022 ൽ 110 സി ആർ പി സി അനുസരിച്ചുള്ള നടപടിക്കായി കോടതിയിൽ അന്നത്തെ എസ് എച്ച് ഓ റിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് കോടതിവിചാരണയിൽ ഇയാൾ മൂന്നുവർഷത്തേക്ക് ബോണ്ട് വച്ചു. എന്നാൽ ബോണ്ട വ്യവസ്ഥകൾ ലംഘിച്ച് യുവാവ് ഈ വർഷം മേയിൽ കുറ്റകൃത്യത്തിൽ ഉൾപ്പെടുകയും, ഇതു സംബന്ധിച്ച് പോലീസ് കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
നിരന്തരം ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടു വന്ന പ്രതിക്കെതിരെ കരുതൽ തടങ്കൽ അല്ലാതെ വേറെ മാർഗമില്ലെന്നു കണ്ട്, കാപ്പ 3(i) അനുസരിച്ചുള്ള ഉത്തരവിനായി ജില്ലാ പോലീസ് മേധാവിക്ക് എസ് എച്ച് ഓ റിപ്പോർട്ട് അയക്കുകയും, ഇതിന്റെ അടിസ്ഥാനത്തിൽ ശുപാർശ ജില്ലാ പോലീസ് മേധാവി ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയുമായിരുന്നു. തുടർന്നാണ് കഴിഞ്ഞ മാസം 22ന് കളക്ടർ പ്രതിക്കെതിരെ 6 മാസത്തെ കരുതൽ തടങ്കൽ ഉത്തരവായത്.



