News

മയക്കുമരുന്നു കേസിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചുവരുന്ന പ്രതിയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവായി

പത്തനംതിട്ടയിൽ നിരവധി മയക്കുമരുന്നുകേസുകളിൽ പ്രതിയായതിനെത്തുടർന്ന് നടപടികൾക്ക് വിധേയനായി കരുതൽ തടങ്കലിൽ കഴിഞ്ഞുവരുന്ന പത്തനംതിട്ട സ്വദേശിയുടെ വസ്തുവകൾ കണ്ടുകെട്ടുന്നതിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ കീഴിൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശനാണ്യ, കള്ളക്കടത്ത്, മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്കെതിരേ നടപടി സ്വീകരിക്കുന്ന പ്രത്യേകവിഭാഗമാണ് ഉത്തരവിട്ടത്. പത്തനംതിട്ട ആനപ്പാറ മൂലക്കൽ പുരയിടത്തിൽ ഷാജഹാന്റെ വസ്തുവകകൾ കണ്ടുകെട്ടാനാണ് ഉത്തരവായത്.
ഷാജഹാനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സമർപ്പിച്ച പിറ്റ് എൻ ഡി പി എസ് റിപ്പോർട്ട് സംസ്ഥാന ആഭ്യന്തരവകുപ്പ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ജനുവരി 9 മുതൽ ഒരു വർഷത്തേക്ക് ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവായി. ഇപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞുവരുന്ന ഷാജഹാൻ പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് 30 കിലോയിലധികം കഞ്ചാവുമായി പിടികൂടിയതുൾപ്പെടെ ഏഴോളം മയക്കുമരുന്ന് കേസുകളിലും 5 ക്രിമിനൽ കേസുകളിലും പ്രതിയാണ്. അടൂർ പോലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്നുകേസിൽ പ്രതിയായി ജയിലിൽ കഴിഞ്ഞുവരവേയാണ് ഇയാൾക്കെതിരേ പിറ്റ് എൻ ഡി പി എസ് പ്രകാരമുള്ള നടപടി ഉത്തരവായത്. അതിനെത്തുടർന്ന് പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ സുനുമോൻ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് സ്ഥാവരജംഗമവസ്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടത്. ഷാജഹാൻ ജയിൽമോചിതനായ ശേഷം കണ്ടുകെട്ടൽ നടപടികൾ പൂർത്തിയാക്കും.
സാധാരണയായി വ്യാവസായിക അളവുകളിലുള്ള മയക്കുമരുന്നുകേസുകളിൽപ്പെട്ട പ്രതികളുടെ വസ്തുവകകളാണ് ഇത്തരത്തിൽ കണ്ടുകെട്ടപ്പെടാറുള്ളത്. എന്നാൽ ചെറിയ അളവുകളിലുള്ള മയക്കുമരുന്നു കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെ പേരിൽ പിറ്റ് എൻ ഡി പി എസ് പ്രകാരം കരുതൽ തടങ്കൽ നടപടികൾ സ്വീകരിച്ചാൽ അത്തരക്കാർക്കെതിരേ വസ്തുവകകൾ കണ്ടുകെട്ടാൻ എൻ ഡി പി എസ് നിയമത്തിലെ 68 എ (സി) വകുപ്പ് പ്രകാരം അനുശാസിക്കുന്നുണ്ട്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാന്റെ വസ്തുവകകൾ കണ്ടുകെട്ടാൻ ഉത്തരവായത്.
ജില്ലയിൽ ചെറിയ മയക്കുമരുന്നുകേസുകളിൽ ഉൾപ്പെടെ പിടിയിലാകുന്നവർക്കെതിരേ പിറ്റ് എൻ ഡി പി എസ് പ്രകാരം നടപടികൾ സ്വീകരിക്കുന്നതിനും ഇത്തരക്കാരുടെ സ്ഥാവരജംഗമവസ്തുക്കൾ കണ്ടുകെട്ടുന്നതിന് ശുപാർശ ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page