റാന്നിവെച്ചൂച്ചി:വായനയുടെ പുതു വഴി തുറന്ന് എണ്ണൂറാം വയൽ സി. എം. എസ്. എൽ. പി. സ്കൂളിൽ പുസ്തക തുലാസ് ഒരുങ്ങി.വായന ദിനത്തോട് അനുബന്ധിച്ച് കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുവാനാണ് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി. എം. എസ്. എൽ. പി സ്‌കൂൾ പുസ്തക തുലാസ് ഒരുക്കിയത്.. കുട്ടികൾ തങ്ങളുടെ പഴയ നോട്ട് ബുക്കുകളും പുസ്തകങ്ങളും വിദ്യാലയത്തിന് കൈ മാറിയപ്പോൾ സമ്മാനമായി ലഭിച്ചത് കൈ നിറയെ പുതിയ പുസ്തകങ്ങൾ.കുട്ടികൾ കൊണ്ടു വന്ന പഴയ നോട്ട് ബുക്കുകളുടെയും പുസ്തകങ്ങളുടെയും തൂക്കത്തിന് ആനുപാതികമായി ബാലമാസികകളും ബാല സാഹിത്യ കൃതികളും സമ്മാനമായി ലഭിച്ചു. കുട്ടികൾ ആവേശത്തോടെയാണ് പുസ്തക തുലാസിനെ വരവേറ്റത്...പഴയ നോട്ട്ബുക്കുകളും പുസ്തകങ്ങളും ശേഖരിച്ച് പുതിയ പുസ്തകങ്ങളാക്കുന്ന പരിപാടിയിലൂടെ കുട്ടികളെ വായനയുടെ പുതു ലോകത്തേക്ക് കൈ പിടിച്ചു നടത്തുവാൻ കഴിഞ്ഞതായി വിദ്യാലയാധികൃതർ പറഞ്ഞു... ഒരു വർഷം വായിക്കുന്നതിനു കൈ നിറയെ പുസ്തകങ്ങൾ ലഭിച്ച സന്തോഷത്തിലാണ് കുട്ടികൾ... കുട്ടികൾക്ക് ലഭിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലൂടെ കൈ മാറി വായിക്കുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. 20 കിലോ ഗ്രാം വരെ പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും എത്തിച്ച കുട്ടികളുണ്ട്. 1000 കിലോ ഗ്രാമിൽ അധികം പഴയ പുസ്തകങ്ങളും നോട്ട് ബുക്കുകളും കുട്ടികൾ എത്തിക്കുകയുണ്ടായി...പുസ്തക തുലാസിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് നിർവഹിച്ചു. റവ. ബൈജു ഈപ്പൻ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, ഡോ. മനു വർഗീസ്,പി. ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, മദർ പി ടി എ പ്രസിഡന്റ് ഷൈനി ജോർജ്, മഞ്ജു രാജ്, മുഹമ്മദ് മുസ്തഫ, ആർസൂ സൂസൻ, എച്ച്. ഗോപിക, ഗൗരി എസ് നായർ, എൽസ അനീഷ് എന്നിവർ പ്രസംഗിച്ചു.