News

യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു

യുവാവിനുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ ഒരാളെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമൺ ഐക്കാട് തെറ്റി മുരുപ്പെൽ വീട്ടിൽ ലിതിൻലാലാ( 35 )ണ് പിടിയിലായത്. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ കുടുക്കിയത്. കലഞ്ഞൂർ കെഎസ്ഇബി ഓഫീസിന് സമീപം പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരുന്ന ഡിപ്പോ ജംഗ്ഷൻ അനു ഭവനം വീട്ടിൽ വി അനൂപ് കുമാറി(34)നുനേരെ 17 ന് രാത്രി 8.15 ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയിലാണ് ആക്രമണമുണ്ടായത്. കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിൽ നിന്നും വീട്ടിലേക്കുള്ള കോൺക്രീറ്റ് പഞ്ചായത്ത് റോഡിനു തുടക്കത്തിലുള്ള കാടുപിടിച്ച ഭാഗത്ത് വെച്ചായിരുന്നു ആസിഡ് ആക്രമണം. അറസ്റ്റിലായ ലിതിൻലാലിന് അനൂപ് കുമാറിനോട് നിലവിലുള്ള വിരോധം കാരണം ഇയാൾ മറ്റൊരാളെക്കൊണ്ട് ആസിഡ് ഒഴിപ്പിക്കുകയായിരുന്നു, പോലീസ് അന്വേഷണം തുടരുകയാണ്. മുഖം മാസ്ക് ധരിച്ച് മറച്ച് എത്തിയ അക്രമി കയ്യിൽ കരുതിയ ആസിഡ് അനൂപിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇടത് കണ്ണിന് ഭാഗികമായ കാഴ്ചക്കുറവുണ്ടാവുകയും, മുഖത്തും നെഞ്ചിലും പൊള്ളലേൽക്കുകയും ചെയ്തു. നാലു വർഷമായി സ്ഥാപനം നടത്തി വരികയാണ് അനൂപ്. രാത്രി എട്ടിനു കട അടച്ചശേഷം ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. മാസ്ക് ധരിച്ചെത്തിയയാൾ വീട്ടിലേക്ക് തിരിയുന്ന കോൺക്രീറ്റ് റോഡിന്റെ അടുത്ത് വച്ച് കാടുമുടിയ ഭാഗത്ത് നിന്നും പെട്ടെന്ന് ഓടിയെത്തി കയ്യിൽ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. നീറ്റലും പുകച്ചിലും അനുഭവപ്പെട്ടപ്പോൾ ദ്രാവകം ആസിഡ് ആണെന്ന് മനസ്സിലായി. ഒഴിച്ചയാൾ പാടം റോഡിന്റെ ഭാഗത്തേക്ക് ഓടിപ്പോയതായി കണ്ടു. ബൈക്ക് ഓഫ് ചെയ്യാതെ അനൂപ് വീട്ടിലെത്തി പിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം അനൂപിനെ പൈപ്പിന്റെ കീഴിലിരുത്തി മുഖത്തും ദേഹത്തും എല്ലാം വെള്ളമൊഴിച്ചു. പിന്നീട് കാറിൽ അടൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡോക്ടർ കൂടുതൽ ചികിത്സയ്ക്കായി കണ്ണുരോഗചികിത്സ വിഭാഗത്തിലേക്ക് മാറ്റി. അവിടുത്തെ പരിശോധനയിൽ ഇടതു കണ്ണിന് ഭാഗികമായി കാഴ്ച കുറവുണ്ടായതായും, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ കാണിക്കുന്നതിന് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് അവിടെനിന്നും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ കൂടൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി. എസ് ഐ ആർ അനിൽ കുമാറാണ് കേസെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അനൂപിന്റെ മൊഴിയിൽ ലിതിൻ ലാലാവണം ആക്രമണം നടത്തിയതെന്ന് സംശയം പറഞ്ഞിരുന്നു. ഇതിനുള്ള മുൻവിരോധകാരണവും വെളിപ്പെടുത്തിയിരുന്നു. ഒന്നരവർഷം മുമ്പ് അനൂപിന്റെ കടയുടെ തൊട്ടുമുന്നിലായി ടേസ്റ്റ് ആൻഡ് ടൈം എന്ന പേരിൽ ബേക്കറി ലിതിൻ ലാലിന്റെ ഭാര്യ നടത്തിവന്നിരുന്നതായും, ഇരുവരുമായി അനൂപിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും സൂചിപ്പിച്ചു. ഇതിന്റെ പേരിൽ അനൂപിന്റെ സ്ഥാപനത്തിലെത്തി ലിതിൻ വഴക്കുണ്ടാക്കുകയും, ഉപദ്രവിക്കുകയും ചെയ്തതായും മൊഴിയിലുണ്ട്. ശാസ്ത്രീയ അന്വേഷണസംഘവും മറ്റും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. സംശയം പറഞ്ഞ ലിതിൻലാലിന്റെ രണ്ട് മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ഇവയുടെ സി ഡി ആർ, ടവർ ലൊക്കേഷൻ എന്നിവയ്ക്കായി ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായം അതിവേഗം ലഭ്യമാക്കി. ഇവ കൂടാതെ തമിഴ്നാട് കന്യാകുമാരി കൽക്കുളം മേൽക്കരയിൽ താമസിക്കുന്ന ഒരാളുടെ പേരിലുള്ള മറ്റൊരു സിം കാർഡ് കൂടി ഇയാൾ ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തി.ലൊക്കേഷൻ തിരഞ്ഞപ്പോൾ കന്യാകുമാരിയും പരിസരവും തിരിച്ചറിഞ്ഞു. പോലീസ് ഇൻസ്‌പെക്ടറുടെനേതൃത്വത്തിലുള്ള സംഘം അവിടയെത്തി അന്വേഷിച്ചെങ്കിലും ഫോൺഓഫ്‌ആക്കിയനിലയിലായിരുന്നു.ഇയാളെ കണ്ടെത്താനായില്ല.
തുടർന്ന്, ഇയാളുള്ളത് ആലുവയിലാണെന്ന് സൈബർ സെൽ തിരിച്ചറിഞ്ഞു. ഇതുപ്രകാരം കൂടൽ പോലീസ് ആലുവ പോലീസിനെ വിവരം അറിയിച്ചു, ആലുവ പോലീസ് കണ്ടെത്തി സ്റ്റേഷനിൽതടഞ്ഞുവക്കുകയുമായിരുന്നു. തുടർന്ന്, ഇന്നലെ രാത്രി 12.30 ഓടെ അവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ നാലരക്ക് കൂടൽ സ്റ്റേഷനിലെത്തിച്ചു നിരീക്ഷണത്തിൽ പാർപ്പിച്ചു. കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മുമ്പ് വിദേശത്തായിരുന്ന പ്രതി, രാജ്യം വിടാനുള്ളതയാറെടുപ്പിലായിരുന്നെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടു. തുടർന്ന് പാസ്സ്പോർട്ടും കണ്ടെടുത്തു.അനൂപിനെ വീഡിയോ കാളിലൂടെ കാണിച്ച് തിരിച്ചറിഞ്ഞശേഷം വിശദമായി ചോദ്യം ചെയ്തു. ആസിഡ് ഒഴിച്ചത് താനല്ലെന്നും മറ്റൊരാളെ ആക്രമണം നടത്താൻ ഏൽപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന്, ഇന്ന് രാവിലെ 8.30 ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അനൂപിനുനേരെ ആസിഡ് ആക്രമണം നടത്തിയയാളെ കണ്ടെത്തുന്നതിനു വിശദമായ അന്വേഷണമാണ് കൂടൽ പോലീസ് നടത്തിവരുന്നത്. അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ അനിൽ കുമാറിനെ കൂടാതെ എസ് സി പി ഓമാരായ സജികുമാർ, സുനിൽ കുമാർ എന്നിവരാണുള്ളത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page