
ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ പുറംപണിക്കു നിന്നയാളെ പിടികൂടി
പത്തനംതിട്ട കൈപ്പട്ടൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ പുറംപണിക്കു നിന്നയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂർ താളാട്ടുശ്ശേരിൽ ശേഖരൻ എന്ന കെ രാമചന്ദ്രൻ (56) ആണ് പിടിയിലായത്.
വള്ളിക്കോട് കൈപ്പട്ടൂർ പുത്തൻ പുരക്കൽ വീട്ടിൽ ഗ്രേസി മാത്യു (75) വിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ പുറംപണിക്കു നിന്ന പ്രതി ഞായർ വൈകിട്ട് അഞ്ചോടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10250 രൂപയും, വയോധികയുടെ തിരിച്ചറിയൽ കാർഡും മോഷ്ടിക്കുകയായിരുന്നു.
ഇവർ സ്റ്റേഷനിൽ എത്തി പരാതി നൽകിയതുപ്രകാരം എസ് ഐ എസ് ഷിബു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. തുടർന്ന് അന്വേഷണം എസ്ഐ കെ ആർ രാജേഷ് കുമാർ ഏറ്റെടുത്തു. സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ള മോഷ്ടാക്കളുടെ ലിസ്റ്റ് തയാറാക്കിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് മോഷണം നടത്തിയെന്ന് സംശയിക്കുന്ന രാമചന്ദ്രനെ പന്തളം ഇടപ്പോണിൽ നിന്നും തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഗ്രേസി മാത്യുവിനെ കാണിച്ച് തിരിച്ചറിയുകയും, തുടർന്ന് കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ അറസ്റ്റ് രാവിലെ 11.45 ന് രേഖപ്പെടുത്തുകയും ചെയ്തു.
ദേഹപരിശോധനയിൽ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വയോധികയുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചു, പിന്നീട് പോക്കറ്റിൽ സൂക്ഷിച്ച മുഴുവൻ പണവും കണ്ടെടുത്തു. ഇയാളുടെ വിരലടയാളവും രേഖപ്പെടുത്തി, തുടർന്ന് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.


