
ലഹരിവസ്തുക്കൾക്കെതിരായ പോലീസ് നടപടി തുടരുന്നു, എം ഡി എം എയുമായി യുവാവ് പിടിയിലായി
ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി പോലീസ് പരിശോധനയിൽ 0.05 ഗ്രാം എം ഡി എം എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം കുളനട മാന്തുക എമിനന്‍സ് വില്ലേജ് ലക്ഷ്മി നിവാസിൽ അക്ഷയ് വേണുഗോപാലി(27)നെയാണ് പന്തളം പോലീസും ജില്ലാ ഡാൻസഫ് ടീമും ചേര്‍ന്നു പിടികൂടിയത്. വെള്ളി വൈകിട്ട് അഞ്ചോടെയാണ് വീട്ടിലെ ഇയാളുടെ കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയുടെ അടിയിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടി.
വീട്ടിൽ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുള്ളതായി രഹസ്യവിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം വീട്ടിലെത്തി യുവാവിനെ ചോദ്യം ചെയ്തു. മെത്തയുടെ അടിയിൽ വച്ച പേഴ്സിനുള്ളിൽ ഒരു നോട്ട് മടക്കി ചുരുട്ടി അതിനുള്ളിൽ സൂക്ഷിച്ച നിലയിയായിരുന്നു എം ഡി എം എ. എസ് ഐ മാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, സി പി ഓ സുരേഷ്, ഡാൻസാഫ് ടീം അംഗങ്ങൾ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ദാൻസാഫിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു യുവാവ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.



