
ആയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് നടന്നു വന്ന ഹിന്ദുമത പരിഷത്തിൻ്റെ സമാപന സമ്മേളനം സച്ചിതാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു
പൊട്ടിത്തെറിച്ച മാലപ്പടക്കം പോലെ ഛിന്നഭിന്നമായി കിടക്കുന്ന ഹൈന്ദവ ജനത ഒരുമിക്കാൻ തീരുമാനിച്ചാൽ അത് വർഗ്ഗീയതയാകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്ന് ശിവഗിരി മഠം പ്രസിഡൻ്റ് സച്ചിതാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു:
സംഘടിച്ച് ശക്തരാകാനുള്ള ശ്രീനാരായണ ഗുരുവേൻ്റെ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാവുകയാണെന്നും സച്ചിതാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു.
ഹിന്ദുമത മഹാമണ്ഡലത്തിൻ്റെ ആഭിമുയ്വത്തിൽ ആയിരൂർ പമ്പാ മണൽപ്പുറത്ത് നടന്നു വന്ന ഹിന്ദുമത പരിഷത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര മതങ്ങൾക്കെല്ലാം സംഘടിക്കാം. തങ്ങളുടെ അവശത മാറ്റാൻ ഹൈന്ദവർ ഒന്നിച്ചാൽ മാത്രം വർഗീയതയാകും. 42 വർഷമായി ഒരു തീർത്ഥാടകനായാണ് താൻ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെത്തിച്ചേരുന്നത്. മഹാത്മാക്കളുടെ പാദ സ്പർശം കൊണ്ടും പ്രഭാഷണങ്ങൾ കൊണ്ടും പുണ്യ ഭൂമിയായ ചെറുകോൽപ്പുഴയിൽ അറിവിൻ്റെ തീർത്ഥാടനമാണ് നടക്കുന്നത്. ശ്രീനാരായണ ഗുരുവിനെ പോലും സനാതന ധർമ്മത്തിന് വിരുദ്ധനായി പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്ന കാലഘട്ടമാണ് ഇന്നുള്ളത്. ഗുരുദേവൻ്റെ 73 വർഷത്തെ ദീപ്തമായ ജീവിതത്തിലു63 കൃതികളിലും സനാതന ധർമ്മത്തിന് വിരുദ്ധമായി ഒന്നുമില്ല. ഭാരതത്തിൻ്റെ അടിസ്ഥാന ഗ്രന്ധം വേദങ്ങളാണ്. വേദാന്തം അറിവിൻ്റെ അവസാനമാണ്. ഉപനിഷത്തിന് തുല്യമായ ജ്ഞന സരണി
ലോകത്ത് മറ്റെങ്ങും കാണാനില്ല. ഏതെങ്കിലും ലോകത്ത് ഒളിഞ്ഞിരുന്ന് ശിക്ഷ നിർവ്വഹിക്കുന്ന ദൈവത്തെയല്ല മനുഷ്യരിലും സർവ്വ ചരാചരങ്ങളിലും കുടികൊള്ളുന്ന ഈശ്വരനെയാണ് സനാതന ധർമ്മം മുന്നോട്ട് വയ്ക്കുന്നതെന്നും ഉത്ഘാടന പ്രസംഗത്തിൽ സച്ചിതാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടു
ഹൈന്ദവ സംസ്കാരത്തെ ഇല്ലാതാക്കാനുള്ള ആസുത്രിത ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പോലെയുള്ള സംഗമങ്ങൾക്ക് പ്രസക്തി ഏറുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ച ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ. കെ ഹരിദാസ് അഭിപ്രായപ്പെട്ടു.
വിയോജിപ്പുള്ളവരെ ബഹുമാനിക്കുകയും അവരെ അംഗീകരിക്കുകയും ചെയ്യുന്നതാണ് ഭാരതീയ ധർമ്മത്തിൻ്റെ പ്രത്യേകത. സനാന ധർമ്മത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുമ്പോൾ അതിലെ ബഹുസ്വരതയെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടാകുമെന്ന് യോഗത്തിൽ വിഷിഷ്ട അതിഥിയായെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതം രാഷ്ട്രീയമായി ഉപെയോഗപ്പെടുത്തുമ്പോഴെല്ലാം ഹിംസ ഉണ്ടാകുന്നു. ആരെയും മാറ്റി നിർത്താതെ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ചിന്താധാരയാണ് സനാതന ധർമ്മം. അതുകൊണ്ടാണ് സനാതന ധർമ്മം പ്രഭ ചൊരിഞ്ഞ് നിലനിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ഭക്തരുടെ വിയർപ്പിൻ്റെ അംശമായി സമർപ്പിക്കുന്ന പണം എന്തിന് ഉപയോഗിക്കുന്നു എന്ന് അറിയാൻ അവകാശമില്ലാത്ത സമൂഹമായി ഹിന്ദു സമൂഹം മാറിയെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മുൻ മിസ്സോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ് കുമാർ, വിദ്യാധിരാജാ ഗുരുകുലം ഡയറക്ടർ ഹരികൃഷ്ണൻ ഹരിദാസ് എന്നിവരെ ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻ്റ് പി എസ് നായർ ആദരിച്ചു.
കിടക്കുന്നുർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമിനി കൃഷ്ണാനന്ദ പൂർണ്ണിമ, ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതി, ഇടപ്പാവൂർ വിദ്യാധിരാജ തീർത്ഥ പാദാശ്രമത്തിലെ സ്വാമി സർവ്വാത്മാനന്ദ തീർത്ഥപാദർ, എന്നിവർ പ്രഭാഷണം നടത്തി. ഹരികൃഷ്ണൻ ഹരിദാസ്, പി ജീ സുരേഷ് കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ തിരുവല്ല അമുതാനനമയീ മഠത്തിലെ സ്വാമിനി ഭവ്യാമൃതപ്രാണ സമാപന സന്ദേശം നൽകി.
ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. ഡി രാജഗോപാൽ സ്വാഗതവും, ജനറൽ സെക്രട്ടറി എ ആർ വിക്രമൻ പിള്ള നന്ദിയും പറഞ്ഞു.
ചടങ്ങിൽ വിശിഷ്ടാതിഥികളായി അബിൻ വർക്കി, റിങ്കു ചെറിയാൻ, ജില്ലാ പഞ്ചായ അംഗങ്ങളായ സ്റ്റെല്ലാ തോമസ്, ജൂലി സാബു ഓലിക്കൽ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റ്റി കെ രാമചന്ദ്രൻ നായർ എന്നിവരും സമാപന സഭയിൽ പങ്കെടുത്തു.



