
നാറാണംമൂഴി പഞ്ചായത്തിന് 11.15 കോടി രൂപയുടെ മിച്ച ബജറ്റ്; കായിക വികസനത്തിനും വയോജന ക്ഷേമത്തിനും മുൻഗണന
ജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 25,68,26,885 രൂപ വരവും 14,52,87,782 രൂപ ചെലവും 11,15,39,103 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചത്. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ എച്ചിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീമതി. റീനാ ജയിംസ് ബജറ്റ് അവതരിപ്പിച്ചു.
പ്രധാന പദ്ധതികൾ
നാടിന്റെ കായിക സംസ്കാരം വളർത്തുന്നതിനായി പുതിയ കളിസ്ഥലവും ഓപ്പൺ ജിമ്മും ബജറ്റിൽ വിഭാവനം ചെയ്യുന്നു. വയോജനങ്ങൾക്കായി പകൽവീട് നിർമ്മിക്കുന്നതിനും ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ശബരിമല ഇടത്താവളത്തിന്റെ വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു.
മേഖല തിരിച്ചുള്ള വകയിരുത്തൽ
ഭവനരഹിതർക്കായി പാർപ്പിട മേഖലയിൽ 3.92 കോടി രൂപ മാറ്റിവെച്ചു. കാർഷിക മേഖലയ്ക്ക് 66 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 37 ലക്ഷം രൂപയും വകയിരുത്തി.
സേവന മേഖല: 1.78 കോടി രൂപ
റോഡ് വികസനം: 88.20 ലക്ഷം രൂപ
സ്ത്രീ-ശിശു ക്ഷേമം: വനിതാ ഘടക പദ്ധതിക്ക് 23.86 ലക്ഷം രൂപയും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കുമായി 13.68 ലക്ഷം രൂപയും അനുവദിച്ചു.
ആരോഗ്യം: 33.55 ലക്ഷം രൂപ
പട്ടികജാതി-പട്ടികവർഗ വികസനം: എസ്.സി വിഭാഗത്തിന് 34.84 ലക്ഷം രൂപയും എസ്.ടി വിഭാഗത്തിന് 38.32 ലക്ഷം രൂപയും നീക്കിവെച്ചു.
പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള ബജറ്റ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ഈ. വി, മെമ്പർമാരായ മാത്തുക്കുട്ടി ജോർജ്, ബീനാ ജോബി (ക്ഷേമകാര്യം), ഉദയൻ സി. എം (ആരോഗ്യ വിദ്യാഭ്യാസം), തോമസ് ജോർജ്, എബ്രഹാം, രവി എം. കെ, ശാന്തമ്മ അനിൽകുമാർ, തങ്കമ്മ രാജേന്ദ്രൻ, മഞ്ജു പി, മറിയാമ്മ മാത്യു, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബേബിക്കുട്ടി ജോൺ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.



