
പത്തനംതിട്ടയിൽ ഇന്ന് മുതൽ 25 വരെ മഞ്ഞ അലർട്ട് ; തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം
പത്തനംതിട്ട ജില്ലയിൽ 23 മുതൽ 25 വരെ ശക്തമായ മഴയ്ക്കുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴ (24 മണിക്കൂറിൽ 115 മില്ലി മീറ്റർ മുതൽ 204 മില്ലി മീറ്റീർ വരെ) പെയ്യുന്ന സാഹചര്യത്തിൽ നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ, പ്രാദേശികമായ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യത വർധിക്കും. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ വർധിക്കും. അതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കരുത്. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. ജലാശയങ്ങളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. മലയോര മേഖലയിലേക്ക് വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രതപുലർത്തണം.
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി
തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി / മിന്നൽ / കാറ്റ് എന്നിവയോട് കൂടിയ മിതമായ / ഇടത്തരം മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 23 ന് ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും, തുടർന്ന് മെയ് 25 വരെ ശക്തമായ മഴക്കും സാദ്ധ്യത.



