
അടിപിടിക്കിടെ യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ ബന്ധുവായ പ്രതി റിമാൻഡിലായി
അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ബന്ധുവായ പ്രതിയെ റിമാൻഡ് ചെയ്തു. തിരുവല്ല ഈസ്റ്റ് ഓതറയിൽ കഴിഞ്ഞദിവസം രാത്രിയാണ് കൊലപാതകം നടന്നത്.ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ മനോജ് (34) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഈസ്റ്റ് ഓതറ തൈക്കാട്ടിൽ വീട്ടിൽ വിക്രമനെന്ന ടി കെ രാജൻ (56) ആണ് പ്രതി. കുത്തേറ്റ മനോജിനെ ചെങ്ങന്നൂർ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. അടിപിടിയ്ക്കിടെ മനോജിനൊപ്പമുണ്ടായിരുന്ന രതീഷിനും കുത്തേറ്റു. 13 ന് രാത്രി 9 ന് ശേഷം തൈക്കാട്ടു വീട്ടിൽ സോമൻ, അയൽവാസിയായ രതീഷിന്റെ വീട്ടിൽ വളർത്തുന്ന പട്ടിയെ എറിഞ്ഞതിനെപ്പറ്റി ഇരുകൂട്ടരും തമ്മിൽ വഴക്കുണ്ടായി. പട്ടിയെ ഉപദ്രവിച്ചത് ചോദിക്കാനെത്തിയ രതീഷുമായി സോമൻ തർക്കത്തിൽ ഏർപ്പെടുകയും വീട്ടിലെത്തുകയും വഴക്കുണ്ടാവുകയുമായിരുന്നു. ഇതിൽ രതീഷിന്റെ കുഞ്ഞമ്മയുടെ മകനായ മനോജ് ഇടപെട്ടു. തുടർന്ന് സോമൻ മനോജുമായി തർക്കമായി. ഇതിനിടെ സോമന്റെ ജ്യേഷ്ഠൻ രാജന്റെ മകൻ അഖിൽ, രതീഷിനെ അടിച്ചു. ഇതിന് ശേഷം 10.30 ഓടെ രതീഷിനെ തല്ലിയതിനെപ്പറ്റി ചോദിക്കാനായി രതീഷും മനോജും അഖിലിന്റെ വീട്ടിലേക്ക് എത്തി. അഖിൽ ഈസമയം വീട്ടിൽ ഇല്ലായിരുന്നു. ഇരുവരും ഇയാളുടെ അച്ഛൻ രാജനും അമ്മ സുജാതയുമായി വീട്ടുമുറ്റത്ത് വച്ച് തർക്കത്തിൽ ഏർപ്പെട്ടു. രതീഷിന്റെ ഭാര്യ രശ്മിയുടെ നൈറ്റി തുടർന്നുണ്ടായ പിടിവലിക്കിടെ കീറി. തുടർന്ന് വസ്ത്രം മാറാൻ ഇവർ വീട്ടിലേക്ക് പോയി തിരിച്ചുവന്നപ്പോൾ, രാജന്റെ വീട്ടുമുറ്റത്ത് രതീഷും മനോജും വീണുകിടക്കുന്നതാണ് കണ്ടതെന്ന് രശ്മിയുടെ മൊഴിയിൽ പറയുന്നു.രതീഷിന്റെ വയറ്റിൽ മുറിവുണ്ടായിരുന്നതായും, വഴക്കിനിടെ രാജൻ കത്തികൊണ്ട് കുത്തിയതായി രതീഷ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്. മനോജിനെ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. ഓടിക്കൂടിയവർ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാജൻ കട്ടിലിൽ വച്ചിരുന്ന കത്തി കൊണ്ട് മനോജിന്റെ ഇടതുനെഞ്ചിലും വയറ്റിലും കുത്തി മുറിവേൽപ്പിച്ചതായും, അടിപിടിക്കിടെ ഇയാൾക്കു തലയ്ക്ക് പരിക്കുപറ്റിയതായും പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാജനെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്ത രതീഷിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവല്ല പോലീസ് സ്റ്റേഷനിലെത്തിച്ചു. പ്രതി രാജൻ വീട് വെക്കുന്നതിനായി കരുതിവച്ച ഒന്നര ലക്ഷം രൂപ, ബന്ധുവായ മനോജിന്റെ മകൻ മഹി പ്രതിയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പിൻവലിച്ചതിലുള്ള മുൻവിരോധം നിലവിലുണ്ടായിരുന്നു. പ്രതിയുടെ മകൻ അടിച്ചതു ചോദ്യം ചെയ്യാനായി രതീഷ് പ്രതിയുടെ വീട്ടിൽ കൊല്ലപ്പെട്ട മനോജുമായെത്തിയുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കിടെ മുൻവൈരാഗ്യത്താൽ രാജൻ കത്തികൊണ്ട് മനോജിന്റെ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച രതീഷിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. രതീഷും സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണ്, രണ്ടാം വിവാഹത്തിലെ ഭാര്യയാണ് രശ്മി.സംഭവം നടന്ന സ്ഥലം കോളനിയാണ്, ഇവരെല്ലാം ബന്ധുക്കളും അയൽവാസികളുമാണ്. മാസങ്ങൾക്ക് മുമ്പ് ലൈഫ് പദ്ധതി പ്രകാരം രാജന്റെ ഭാര്യ സുജാതയ്ക്ക് ലഭിച്ച പണത്തിൽ നിന്നും എ ടി എം കാർഡ് ഉപയോഗിച്ച് മനോജിന്റെ മകൻ പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. പണം തിരികെ നൽകാമെന്ന് കുടുംബം ഏറ്റുവെങ്കിലും നാമമാത്രമായ തുക മാത്രമേ കൊടുത്തുള്ളൂ. ഈ സംഭവത്തിൽ ഇരു വീട്ടുകാരും തമ്മിൽ ശത്രുത നിലവിലുണ്ട്. മദ്യപിക്കുമ്പോഴൊക്കെ ഇതേചൊല്ലി പരസ്പരം വഴക്കുണ്ടാക്കുകയും പതിവാണ്. രാജനും കുടുംബവും ഇപ്പോഴും ഷെഡ് കെട്ടി അതിനുള്ളിലാണ് കഴിയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മനോജിന്റെ മൃതശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നാളെ സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകി രതീഷിനെ പോലീസ് വിട്ടയച്ചു, ശാസ്ത്രീയതെളിവുകൾ ശേഖരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നടന്നു, വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. രാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ ഉണ്ണികൃഷ്ണൻ, എ എസ് ഐ ജയകുമാർ, എസ് സി പി ഓ
പുഷ്പദാസ് എന്നിവരാണ് ഉള്ളത്



