
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി
പത്തനംതിട്ട മഞ്ഞനിക്കരയിൽ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തയാളെ ആക്രമിച്ച കേസിലെ പ്രതിയെ ഇലവുംതിട്ട പോലീസ് പിടികൂടി. മഞ്ഞനിക്കര മാത്തൂർ കുന്നത്തേത്ത് ലക്ഷംവീട്ടിൽ കെ ബിനുമോൻ (37) ആണ് പിടിയിലായത്. മഞ്ഞനിക്കര പൊടിമണ്ണിൽ വീട്ടിൽ രാജേഷിനെയാണ് പ്രതി ഉപദ്രവിച്ചത്. 12ന് മഞ്ഞനിക്കര മലയിൽ പറമ്പിൽപടിയിൽ റോഡിൽ നിന്ന് സ്ഥലവാസികളെ അസഭ്യം വിളിക്കുന്നത് അതുവഴി മോട്ടോർ സൈക്കിളിൽ വന്ന രാജേഷ് വിലക്കുകയുണ്ടായി. അതിന്റെ വിരോധത്തിൽ പ്രതി സിമന്റ് കട്ടയുടെ കഷണം കൊണ്ട് ഇടിയ്ക്കുകയും ഇടികൊണ്ട് നിലത്തുവീണപ്പോൾ കട്ട കൊണ്ട് മുഖത്ത് ഇടിയ്ക്കുകയും ചെയ്തു. കട്ട കൊണ്ടുള്ള ഇടിയേറ്റ് രാജേഷിന്റെ താഴത്തെ വരിയിലെ രണ്ട് പല്ലുകൾ ഇളകിപ്പോയി. പരിക്കേറ്റ രാജേഷ് വിശ്രമത്തിൽ കഴിയുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ കെ ജി അനിൽകുമാർ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി എസ് ഐ കെ എൻ അനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതിയ്ക്കായി പോലീസ് ഇൻസ്പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയ്ക്കായി തിരച്ചിൽ നടത്തി വരവേ 25ന് പുലർച്ചയോടെ മഞ്ഞനിക്കരയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ് ഐ കെ എൻ അനിൽ, എസ് സി പി ഒ കെ ജി അനിൽകുമാർ, സി പി ഒ മാരായ രാകേഷ്, അജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്



