
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് അടൂർ അതിവേഗ സ്പെഷ്യൽ കോടതി. കൊല്ലം കൊട്ടാരക്കര കടയ്ക്കൽ അയിരക്കുഴി പാലക്കൽ പ്ലാവിള പുത്തൻവീട്ടിൽ പ്രശാന്തി(36)നെയാണ് അടൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
2016 ലാണ് കേസിന് ആസ്പദമായ സംഭവം. 17 കാരിയുമായി പ്രണയത്തിലായശേഷം ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും വിവാഹവാഗ്ദാനം നൽകുകയും, തുടർന്ന് വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവിന്റെ പരാതിയിൽ അടൂർ പോലീസാണ് കേസ് എടുത്തത്. അടൂർ ഡി വൈ എസ് പി ആയിരുന്ന ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
കേസ് എടുത്തത് അറിഞ്ഞു ഒളിവിൽ പോയ പ്രതിയെ 7 വർഷത്തിന് ശേഷം ആലുവയിലെ വാഴക്കുളത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അവരുമായി ചങ്ങാത്തത്തിലായ ഇയാൾ, അവർക്കൊപ്പം താമസമാക്കുകയും, പശ്ചിമ ബംഗാൾ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒളിച്ചുതാമസിക്കുകയും ചെയ്തു. പിന്നീട് കേരളത്തിലെവിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരവേയാണ് പോലീസ് പ്രതിയെ കുടുക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി ജോൺ ഹാജരായി.


