
മഴകനത്തതിനെ തുടർന്ന് കുരുമ്പൻ മൂഴി കോസ് വേ വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു
റാന്നി : കിഴക്കൻ മലയോര മേഖകളിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് കുരുമ്പൻമൂഴി, കോസ്വേയിൽ വെള്ളം കയറി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. എന്നാൽ മുൻ കാലങ്ങളെ അപേക്ഷിച്ചു പെരുന്തേനരുവി കുരുമ്പൻമൂഴി വന പാത യാഥാർഥ്യമായതിനാൽ ജനങ്ങൾക്ക് വെള്ളപ്പൊക്കമുണ്ടായാൽപുറം നാടുകളുമായി ബന്ധപ്പെടാൻ സാധിക്കും. വനമേഖലകളിൽ നിന്ന് ഒഴുകി വന്ന തടികളും ചപ്പുകളും കോസ്വേയിൽ നിറഞ്ഞിരിക്കുകയാണ്. പെരുന്തേനരുവി ജല വൈദ്യുതി പദ്ധതി വന്നതിനു ശേഷമാണ് ഇത്രയും പെട്ടന്ന് കോസ്വേ മുങ്ങുന്നതെന്നാണ് പരിസരവാസികൾ പറയുന്നത്. പ്രളയത്തിൽ ഡാമിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാതെ ഇതിനു പരിഹാരം ഉണ്ടാക്കാൻ കഴിയില്ല. ഡാമിന് മുകളിൽ കുറച്ചു ഭാഗം മാത്രമാണ് മണ്ണുകൾ നീക്കം ചെയ്തത്. എന്നാൽ അടുത്ത വെള്ളം വരുമ്പോൾ മണ്ണ് മാറ്റിയ ഭാഗങ്ങൾ വീണ്ടും ചെളിയും മണ്ണും നിറയും. നിലവിലെ സ്ഥിതിയിൽ ഒരു ദിവസം ശക്തമായ മഴ പെയ്താൽ കോസ്വേ പൂർണ്ണമായുംമുങ്ങും എന്ന സ്ഥിതിയാണ്. കോസ്വേ മുങ്ങുന്നതോടെ മൂന്ന് കിലോമീറ്ററോളം ആളുകൾ ചുറ്റിത്തിരിയണം. ഇവിടെ ബഥൽ സംവിധാനത്തിൻ്റെ ഭാഗമായി ഇരുമ്പു പാലം വരുമെന്ന വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ലന്നാണ് നാട്ടുകാരുടെ ആരോപണം.



