
ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് കഞ്ചാവുമായി രണ്ടുപേരെ പിടികൂടി.
ജില്ലയിൽ പരിശോധനകൾ തുടരുന്നതിനിടെ, ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഏനാത്ത് പോലീസുമായി ചേർന്ന് നടത്തിയ റെയ്‌ഡിൽ പടിഞ്ഞാറേക്കരചരുവിള പുത്തൻ വീട്ടിൽ സിജു സുകുമാരൻ ( 45) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി കൈമാറിയ രഹസ്യവിവരമനുസരിച്ച് ഡാൻസാഫ് സംഘത്തിന്റെനിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇന്നലെ വൈകിട്ട് ഏഴോടെ ഇയാളുടെ വീട്ടിൽ നടത്തിയസംയുക്തപരിശോധനയിൽകഞ്ചാവ്കണ്ടെത്തുകയായിരുന്നു.പഴയ ഏനാത്ത് പോലീസ് സ്റ്റേഷനു സമീപമുള്ള വീട്ടിൽ അനധികൃതമായി കഞ്ചാവ് കൈവശം വച്ച് വില്പന നടക്കുന്നതായി രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇത് കൈമാറിയതിനെ തുടർന്ന് ഡാൻസാഫ് സംഘവും ഏനാത്ത് പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടാനായത്. ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ ഡാൻസാഫ് സംഘത്തോടൊപ്പം ഏനാത്ത് സ്റ്റേഷനിലെ എ എസ് ഐ രവി, എസ് സി പി ഓ സുനിൽ രാജു, സി പി ഓ ഷഹീർ എന്നിവരും പങ്കെടുത്തു. പ്രതിയുടെ വീട്ടിലെ ഹാളിന്റെ ഭിത്തിയിൽ തടിയിൽ നിർമിച്ച തട്ടിൽ നിന്നുമാണ് കഞ്ചാവ് പോലീസ് സംഘം കണ്ടെടുത്തത്. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ശനി വൈകിട്ട് അഞ്ചോടെ പന്തളം പോലീസ്റ്റേഷൻ പരിധിയിൽ പനങ്ങാട് ജംഗ്ഷന് സമീപം യുവാവ് കഞ്ചാവുമായി പിടിയിലായി.പന്തളം കുരമ്പാല കാരാൻമയിൽ വീട്ടിൽ ആദിത്യൻ (20) ആണ് അറസ്റ്റിലായത്. ഡാൻസാഫ് ടീമും പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മറ്റൊരാൾക്ക് കഞ്ചാവ് കൈമാറാൻ എത്തിയതായിരുന്നു ഇയാൾ. സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും ചെറു പൊതികളിലാക്കി കഞ്ചാവ് വില്പന നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. പന്തളം പോലീസ് തുടർനടപടികൾ കൈകൊണ്ടു. ലഹരിവസ്തുക്കൾക്കെതിരായ റെയ്‌ഡുകൾ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ തുടരുകയാണ്. ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.


