
എം ഡി എം എ കടത്തുകേസിൽ കൂട്ടുപ്രതിയെ പന്തളം പോലീസ് പിടികൂടി
എം ഡി എം എ പിടിച്ചെടുത്തതിന് പന്തളം പോലീസ് കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്ത കേസിലെ കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തു. മാവേലിക്കര വള്ളികുന്നം ഇലിപ്പക്കുളം കിണറ്റും വിളയിൽ വീട്ടിൽ കെ ജയകുമാർ (44)ആണ് പിടിയിലായത്. രഹസ്യവിവരത്തെതുടർന്ന് കഴിഞ്ഞദിവസം ബംഗളുരുവിൽ നിന്നും ബസ്സിൽ കൊണ്ടുവന്ന എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയ കേസിൽ രണ്ടാം പ്രതിയാണ് ഇയാൾ. പന്തളം തുമ്പമൺ മുട്ടം വടക്കടത്ത് മണ്ണിൽ വീട്ടിൽ ബ്രില്ലി മാത്യു (40)വാണ് അന്ന് അറസ്റ്റിലായത്.
കുളനട ഇന്ത്യൻ ഓയിൽ പമ്പിന്റെ മുന്നിൽ, തിരുവല്ല ഭാഗത്തുനിന്നും ബസിൽ വന്നിറങ്ങിയ ഇയാളിൽ നിന്നും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗിലെ അറയ്ക്കുള്ളിൽ സൂക്ഷിച്ച നിലയിൽ 36.55 ഗ്രാം എം ഡി എം എയും 8 ചെറിയ സിറിഞ്ചുകൾ മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
എസ് ഐ വിനോദ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പന്തളം പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇപ്പോൾ രണ്ടാം പ്രതിയായ ജയകുമാർ അറസ്റ്റിലായത്. ഒന്നാം പ്രതി ബ്രില്ലി മാത്യുവിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിരവധിതവണ ഒന്നാംപ്രതിയെ വിളിച്ചതായും വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചതായും കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബാങ്ക് ഇടപാടുകളും പോലീസ് സംഘം വിശദമായി പരിശോധിച്ചു.
രാസലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ജയകുമാറിന്റെ ഓച്ചിറ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നും പലതവണ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തി.ബ്രില്ലി മാത്യു ബംഗളൂരുവിൽ നിന്നും എംഡിഎംഎ വാങ്ങിയ ദിവസം ഇരുവരും തമ്മിൽ പലതവണ ബാങ്ക് ഇടപാട് നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. ലഹരിവസ്തുക്കൾ വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകുകയും, കൂട്ടാളിയായി പ്രവർത്തിക്കുകയും ചെയ്തത് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ജയകുമാറിനെ ഇന്നലെ രാത്രി പിടി കൂടുകയായിരുന്നു.
തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, ലഹരിവസ്തുക്കളുടെ കണക്കുകൾ സംബന്ധിച്ചും രേഖപ്പെടുത്തിയ ഡയറികളും, ലഹരിവസ്തുക്കൾ തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും, ഇവ വിതരണം ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് സിപ് അപ്പ് കവറുകളും, മൊബൈൽ ഫോണും, ലഹരിപദാർത്ഥം കോരിയെടുക്കാനുള്ള ചെറിയ പ്ലാസ്റ്റിക് സ്പൂണുകളും പോലീസ് സംഘം പിടിച്ചെടുത്തു.
വിദ്യാർത്ഥികൾ യുവജനങ്ങൾ ഉൾപ്പെടെയുള്ള പുതുതലമുറയെ രാസലഹരിയുടെ അടിമകളാക്കുന്നതിന് ഇതര സംസ്ഥാനത്ത് നിന്നും കൊണ്ടുവന്ന് എം ഡി എം എ അമിതാദായം ഉണ്ടാക്കുന്നതിനായി വിൽപ്പന നടത്തി വരികയാണ് പ്രതികളെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. കൂടുതൽ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു, കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.



