
നിരവധി മോഷണ കവർച്ചാ കേസുകളിലെ പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണം, കവർച്ചാ കേസുകളിൽ പ്രതിയായ യുവാവ് പത്തനംതിട്ട പോലീസിന്റെ പിടിയിലായി. തണ്ണിത്തോട് തേക്ക് തോട് സതീഷ് ഭവനിൽ തേക്കോട് സതീശൻ എന്ന സതീഷ് (40) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട അമല ബാറിന് മുന്നിലെ ഇടവഴിയിൽ വച്ച് കോന്നി ഇളക്കൊള്ളൂർ പുനമൂട്ടിൽ വീട്ടിൽ മോഹനനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. മോഹനന്റെ കഴുത്തിൽ കുത്തിപ്പിടിച്ച്, അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന 3400 രൂപയും, മൊബൈൽ ഫോണും കവർന്നെടുക്കുകയായിരുന്നു.
ഇന്ന് സ്റ്റേഷനിലെത്തി പരാതി നൽകിയ മോഹനന്റെ മൊഴിപ്രകാരം എസ് ഐ ബി കൃഷ്ണകുമാർ കേസെടുത്തു അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇന്ന് പുലർച്ചെ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാന്റിന്റെ പരിസരത്തു നിന്നും സംശയകരമായ സാഹചര്യത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തു. കരുതൽ തടങ്കലിൽ സ്റ്റേഷനിൽ പാർപ്പിച്ച ഇയാളെ, സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്തപ്പോൾ മോഷണം സംബന്ധിച്ച് വെളിപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം ഇയാൾ കുറ്റം സമ്മതിക്കുകയും, ഉച്ചക്ക് 1.30 ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ദേഹപരിശോധനയിൽ പണവും പേഴ്സും കണ്ടെത്തി.
പത്തനംതിട്ട, റാന്നി, കോന്നി തുടങ്ങിയ സ്റ്റേഷനുകളിൽ 2014 മുതൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണ കവർച്ചാകേസുകളിൽ പ്രതിയാണ് ഇയാൾ. തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.



