News

അനധികൃത വിദേശമദ്യവും ലഹരിയുൽപ്പന്നങ്ങളും വില്പന നടത്തിവന്നയാൾ പിടിയിൽ

അനധികൃത വിദേശമദ്യവും ലഹരിയുൽപ്പന്നങ്ങളും വില്പന നടത്തിവന്നയാളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള ഇലന്തൂർ ചെമ്പകത്തിൽ പടി കൈതോട്ടമലയിൽ അജിത്ത് വർഗീസ് (41) ആണ് അറസ്റ്റിലായത്. നിയമവിരുദ്ധമായി വിദേശമദ്യവും നിരോധിത പുകയിലഉൽപ്പന്നങ്ങളും വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചു വച്ച ഇയാൾ മദ്യക്കച്ചവടം നടത്തിവരവേയാണ് പിടിയിലായത്. 500 എം എൽ കൊള്ളുന്ന 11 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവും, 17 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസും പോലീസ് പിടിച്ചെടുത്തു. പ്രതി വീട്ടിൽ മദ്യ കച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറന്മുള പോലീസ് ഇൻസ്‌പെക്ടർ വി എസ് പ്രവീണിന്റെ നിർദേശപ്രകാരം പെട്രോളിങ് സംഘമാണ് പരിശോധന നടത്തി ശനി വൈകിട്ട് അഞ്ചോടെ ഇവ പിടിച്ചെടുത്തത്.
പ്രതിക്കെതിരെ നിരോധിത ലഹരി ഉൽപ്പന്നങ്ങളും അനധികൃത വിദേശമദ്യവും വിറ്റതിനു 2022, 24 വർഷങ്ങളിലായി 4 അബ്കാരി കേസുകൾ നിലവിലുണ്ട്. ഇതിൽ മൂന്നു കേസുകൾ പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തതും, ഒരെണ്ണം ആറന്മുള പോലീസ് എടുത്തതുമാണ്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശാനുസരണം ജില്ലയിൽ ഇത്തരം പരിശോധനകളും പോലീസ് നടപടിയും തുടർന്നുവരികയാണ്.
ശനിയാഴ്ച പട്രോളിംഗിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ ആസൂത്രിതനീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. വൈകിട്ട് 4.45 ന് ഇയാളുടെ വീടിനു സമീപത്ത് എത്തുമ്പോൾ, വീടിനു മുന്നിലെ റോഡിൽ രണ്ടുപേർ നിൽക്കുന്നതും, ഒരാൾ രണ്ടാമന് കുപ്പി കൈമാറിയശേഷം പണം പോക്കറ്റിൽ നിക്ഷേപിക്കുന്നതും പോലീസ് കണ്ടു. വാഹനം നിർത്തി ഇറങ്ങുമ്പോഴേക്കും കുപ്പി വാങ്ങിയയാൾ ഓടിരക്ഷപ്പെട്ടു. അജിത്ത് വർഗീസിനെ തടഞ്ഞുനിർത്തി വിശദമായി ചോദ്യം ചെയ്തപ്പോൾ മദ്യം വിൽക്കുകയായിരുന്നുവെന്നും, കിടങ്ങന്നൂർ ബീവറേജസ് ഷോപ്പിൽ നിന്നാണ് വാങ്ങിയതെന്നും സമ്മതിച്ചു. എല്ലാമാസവും ഒന്നാം തിയതി മാത്രമാണ് താൻ മദ്യക്കച്ചവടം നടത്താറുള്ളൂവെന്നും, മദ്യം വാങ്ങിക്കൊണ്ടുപോയ ആളെ അറിയില്ലെന്നും വെളിപ്പെടുത്തി.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ വീടിനു സമീപം മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് സംഘം വീടിന് സമീപത്തുനിന്നും കൂടുതൽ ഇന്ത്യൻ നിർമിത വിദേശമദ്യവും ഹാൻസും പിടിച്ചെടുത്തത്. ടാർപ്പാളിൻ മൂടിയിട്ട തടികൾക്കടിയിൽ സൂക്ഷിച്ചനിലയിൽ മദ്യവും മറ്റും കണ്ടെത്തുകയായിരുന്നു. മദ്യക്കച്ചവടം നടത്തിയ ഇനത്തിൽ 1300 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. തുടർന്ന്, 5 മണിക്ക് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് സംഘത്തിൽ എസ് ഐമാരായ
ഹരീന്ദ്രൻ, വിനോദ് പി മധു, എ എസ് ഐ രാജേഷ് , എസ് സി പി ഓമാരായ അനിൽ , ഉമേഷ്‌, രമ്യത് പി രാജൻ, സുനിൽ, ശരത് , സി പി ഓമാരായ മനു , ശ്രീജിത്ത്‌, സൽമാൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page