News

കുന്നന്താനത്തെ വീടുകവർച്ച: നിരവധി മോഷണക്കേസുകളിൽ പ്രതിയായ കൊടും ക്രിമിനലായ മൂന്നാമനും പിടിയിൽ

കുന്നന്താനത്തെ കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട് കവർച്ചകേസിൽ, നിരവധി മോഷണക്കേസുകളിൽ പ്രതിയായ മൂന്നാമനെയും ഊർജ്ജിതമായ അന്വേഷണത്തിൽ കീഴ്‌വായ്‌പ്പൂർ പോലീസ് വലയിലാക്കി. 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 12,39,500 രൂപയുടെ മുതലുകളാണ് നഷ്ടപ്പെട്ടത്. തിരുവനന്തപുരം നേമം പൊന്നുമംഗലം ഫർഹാൻ വില്ലയിൽ നവാസ് (52) ആണ് പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. ഇയാൾ കേസിൽ മൂന്നാം പ്രതിയും നിരവധി മോഷണകേസുകളിൽ ഉൾപ്പെട്ട കൊടും ക്രിമിനലുമാണ്. 6 ന് ഇയാളെ തിരുവനന്തപുരത്തെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്. നെയ്യാറ്റിൻകര പള്ളിച്ചൽ ഭഗവതിനട വട്ടവിളപുത്തൻ വീട്ടിൽ അനിൽകുമാർ (44), പേരൂർക്കട
കുടപ്പനക്കുന്ന് ജെപി ലെയ്ൻ പുല്ലുകുളം വീട്ടിൽ ബിജു കുമാർ (43)എന്നിവരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
മെയ് 17ന് പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിൽ കുന്നന്താനം കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട്ടിലാണ് കവർച്ച നടന്നത്. ഇദ്ദേഹവും ഭാര്യ ലില്ലി മത്തായിയും മാത്രമാണ് വീട്ടിൽ താമസം, ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. ഇവർ ബന്ധുവീട്ടിൽ പോയ തക്കത്തിന് അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
15 നാണ് കഴക്കൂട്ടത്തെ ബന്ധുവീട്ടിൽ പോയത്, 17 ന് വൈകിട്ട് അഞ്ചോടെ തിരിച്ചെത്തി. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു.അകത്ത് കയറിയപ്പോൾ കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലും. തുണികളും ബാഗുകളും മറ്റും വാരിവലിച്ച് പുറത്തിട്ടിരുന്നു. അഥിതികൾക്കുള്ള മുറിയിലെ രണ്ട് തടി അലമാരകളും തുറന്നിട്ട് തുണികളും മറ്റും വാരി പുറത്തിട്ട നിലയിൽ കണ്ടു. അടുക്കളയും അലങ്കോലമാക്കപ്പെട്ടിരുന്നു. കിടപ്പുമുറിയിലെ സ്റ്റീൽ അലമാരയിലും ഭിത്തിഅലമാരയിലും, അതിഥികൾ വരുമ്പോൾ താമസിക്കുന്ന മുറിയിലെ രണ്ട് തടിയലമാരകളിലുമായി സൂക്ഷിച്ചിരുന്ന ആകെ 20 പവൻ സ്വർണവും, ഹാളിലിരുന്ന 10000 രൂപ വിലയുള്ള ലാപ് ടോപ്പും കിടപ്പുമുറിയിലെ തടി അലമാരയിലിരുന്ന 15000 രൂപയുടെ സിസിടിവിയുടെ ഡിവിആറും, മോണിറ്ററും 4000 രൂപ വിലവരുന്ന 5 വാച്ചുകളും കവർച്ചചെയ്യപ്പെട്ടു.
നഷ്ടപ്പെട്ട 160 ഗ്രാം സ്വർണാഭരണങ്ങളുടെ കൂട്ടത്തിൽ നാലു സ്വർണമാലകൾ രണ്ട് ലോക്കറ്റ്, അഞ്ചു വളകൾ, രണ്ട് വിവാഹമോതിരങ്ങൾ, ആറ് ജോഡി കമ്മലുകൾ എന്നിവയാണുള്ളത്. കൂടാതെ, 15,000 രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകൾ, 8000 രൂപയുടെ യുഎസ് ഡോളർ, 11500 രൂപയുടെ മൂല്യമുള്ള യു എ ഇ ദിർഹം എന്നിവയും കവർച്ച ചെയ്യപ്പെട്ടു.
വിവരമറിഞ്ഞ കീഴ്‌വായ്‌പ്പൂർ പോലീസ് 18 ന് വീട്ടിലെത്തി ലില്ലി മത്തായിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, എസ് ഐ സതീഷ് ശേഖർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ദ്ധർ ശാസ്ത്രീയ അന്വേഷണം സംഘം ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ക്രൈം മെമ്മോ എല്ലാ എസ് എച്ച് മാർക്കും അയച്ചു കൊടുക്കുകയും, മുൻ ശിക്ഷക്കാരായ കുറ്റവാളികളെയും അടുത്തിടെ ജയിൽ മോചിതരായ മോഷ്ടാക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ കീഴ്‌വായ്‌പ്പൂർ പോലീസ് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി.
വീട്ടിലെയും പരിസരങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. ആദ്യം തിരിച്ചറിഞ്ഞ ഒന്നും രണ്ടും പ്രതികളായ അനിൽകുമാറിനെയും ബിജു കുമാറിനെയും തിരുവല്ല ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിലും, കീഴ്വായ്‌പ്പൂർ എസ് എച്ച് ഓ വിപിൻ ഗോപിനാഥൻറെ നേതൃത്വത്തിലുമുള്ള പ്രത്യേകസംഘം തിരുവനന്തപുരത്തുനിന്നും ആദ്യം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് മൂന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ ചുമതലയേറ്റ ശേഷമുണ്ടായ ആദ്യത്തെ ഏറ്റവും വലിയ കവർച്ച കേസിൽ പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടാനും, 6 പവൻ സ്വർണം കണ്ടെടുക്കാനും സാധിച്ചു.
അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, കവർച്ച നടന്ന ദിവസം പുലർച്ചെ 3. 52 ന് സ്കൂട്ടറിൽ രണ്ടുപേർ സംശയകരമായ നിലയിൽ പോകുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഈ ദൃശ്യങ്ങൾക്ക് പിന്നാലെ പോലീസ് നീങ്ങി. മല്ലപ്പള്ളിയിൽ നിന്നും തിരുവല്ല അടൂർ കൊട്ടാരക്കര ചടയമംഗലം മണ്ണന്തല തിരുവനന്തപുരം നേമം എന്നിങ്ങനെയുള്ള സ്കൂട്ടറിന്റെ സഞ്ചാര പാതയിലൂടെ പോലീസ് സംഘം സഞ്ചരിച്ചു. കവർച്ച നടന്ന ഒരു മുറിയിൽ കണ്ട മെറ്റൽ സ്ക്രൂഡ്രൈവർ വീട്ടിലെത് അല്ല എന്ന് പോലീസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചു.
സ്കൂട്ടറിന്റെ നമ്പർ കണ്ടെത്തി അതിൽനിന്നും ഉടമസ്ഥനിലേക്ക് എത്തി. അയാളുടെ ഫോണിന്റെ സിഡിആർ പരിശോധിച്ച പോലീസ് പാപ്പനംകോട് ഉള്ള ഒരു ലോഡ്ജിൽ നിന്നും ഉടമസ്ഥനായ ബിജുകുമാറിനെ കണ്ടെത്തി. ലോഡ്ജിന്റെ കോമ്പൗണ്ടിൽ നിന്നും സ്കൂട്ടറും പോലീസ് കണ്ടെത്തുകയും, ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. ഈ സ്കൂട്ടറാണ് മോഷ്ടാക്കൾ കവർച്ച നടത്താൻ ഉപയോഗിച്ചതെന്ന് വ്യക്തമായതിനെ തുടർന്ന് ബന്തവസ്സിലെടുത്തു നേമം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു.
പ്രതികൾ മോഷ്ടിച്ച വസ്തുക്കളിൽ സിസിടിവി മോണിറ്ററും ലാപ്ടോപ്പും വീട്ടിലെ കിണറ്റിൽ ഉപേക്ഷിച്ചതായും, ബാക്കിയുള്ളവ സ്വർണഭരണങ്ങൾ ഉൾപ്പെടെയുള്ളവ ബാഗിലാക്കി ശാസ്തമംഗലത്തെത്തി പാങ്ങോട് മിലിട്ടറി ക്യാമ്പിന് സമീപത്തുള്ള നവാസിനു കൈമാറിയതായും ഒന്നും രണ്ടും പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കിണറ്റിൽ നിന്നും പോലീസ് സിസിടിവി മോണിറ്ററും ലാപ്ടോപ്പും നേരത്തെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന്റെ സഹായത്തോടെ കണ്ടെത്തി. ഒന്നും രണ്ടും പ്രതികളെ മൂന്നിന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന്, നവാസിന്റെ മൊബൈൽ ഫോണിന്റെ സി ഡി ആർ പരിശോധിച്ച് തിരുവനന്തപുരം പേയാട് നിന്നും ആറിന് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീട് പരിശോധിച്ചു. ഒരു പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും മൂന്നു സ്ക്രൂഡ്രൈവറുകളും, കട്ടിംഗ് പ്ലേയറും കണ്ടെത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. തന്നെ മറ്റ് രണ്ട് പ്രതികൾ ഏൽപ്പിച്ച സ്വർണാഭരണങ്ങൾ വിറ്റവകയിൽ ലഭിച്ച ആറ് ലക്ഷം രൂപയിൽ അനിൽകുമാറിന് രണ്ടുലക്ഷം രൂപയും ബിജു കുമാറിന് ഒരുലക്ഷം രൂപയും നവാസ് നൽകി. ബാക്കി ഇയാൾ സ്വന്തമാക്കി.
സ്വർണാഭരണങ്ങൾ വിറ്റ നെയ്യാറ്റിൻകരയിലെയും കിള്ളിപ്പാലത്തെയും സ്വർണ്ണ കടകളിലെത്തി, നവാസിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കുറച്ചു സ്വർണം കണ്ടെത്തി. നെയ്യാറ്റിൻകര കൃഷ്ണൻ കോവിൽ എന്ന സ്ഥലത്തുള്ള സ്വർണ്ണക്കടയിൽ നടത്തിയ തെളിവെടുപ്പിൽ, കടയുടമ നവാസിനെ തിരിച്ചറിയുകയും സ്വർണ്ണം ഉരുക്കി രൂപ മാറ്റം വരുത്തിയ നിലയിൽ 40 ഗ്രാമോളം സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ടാമത് സ്വർണ്ണം വിറ്റ കിള്ളിപ്പാലത്തെ കടയിലും തെളിവെടുപ്പ് നടത്തി. അവിടെയും സ്വർണ്ണം ഉരുക്കി കട്ടയാക്കിയ നിലയിലാണ് 8 ഗ്രാമിലധികം സ്വർണം കണ്ടെടുത്തത്. കവർച്ച ചെയ്യപ്പെട്ട 20 പവൻ സ്വർണത്തിൽ 6 പവൻ കണ്ടെത്താൻ അന്വേഷണത്തിൽ സാധിച്ചു. തെളിവെടുപ്പിന് ശേഷം പ്രതിയെ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
നവാസ് 21 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും ക്രിമിനലാണ്. ഇതിൽ 20 കേസുകളും മോഷണത്തിന് രജിസ്റ്റർ ചെയ്തവയാണ്, ഒരെണ്ണം ദേഹോദ്രവം ഏൽപ്പിച്ചതിന് എടുത്തതും. കിളികൊല്ലൂർ, അടൂർ മാറനല്ലൂർ, പേരാവിപുരം, കൊട്ടാരക്കര ഇരവിപുരം തുമ്പ പാറശാല പൂയപ്പള്ളി, തിരുവനന്തപുരം ഫോർട്ട് എന്നീ പോലീസ് സ്റ്റേഷനുകളിൽ 2013 മുതൽ രജിസ്റ്റർ ചെയ്തവയാണ് ഇയാൾക്കെതിരെയുള്ള മോഷണ കേസുകൾ. ദേഹോപദ്രവക്കേസ് 2020ൽ നേമം പോലീസ് എടുത്തതാണ്.
മോഷ്ടാക്കൾക്കിടയിൽ ‘ബോസ്’ എന്നാണ് നവാസ് അറിയപ്പെടുന്നത്. കരാർ പറഞ്ഞു ഉറപ്പിച്ച് മോഷ്ടാക്കളെ വിവിധ സ്ഥലങ്ങളിലേക്ക് ദൗത്യത്തിനായി ഏൽപ്പിച്ചയക്കുന്നത് ഇയാൾ ആണ്. വാഹന സൗകര്യവും ഏർപ്പെടുത്തി കൊടുക്കും. ഇയാൾ സംഘടിപ്പിച്ചു കൊടുക്കുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനവും ഘടിപ്പിക്കും. മോഷണം കവർച്ച എന്നിവയിലൂടെ ലഭിക്കുന്ന മുതലകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉള്ള സ്ഥാപനങ്ങളിലാണ് വിൽക്കുക. തീർത്തും ആഡംബര പൂർണമായ ജീവിതമാണ് ഇയാൾ നയിക്കുന്നതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് മോഷ്ടാക്കളെ അതിവേഗം കണ്ടെത്തി പിടികൂടിയത്. സംഘത്തിൽ എസ് ഐ മനോജ്‌ കുമാർ, എസ് സി പി ഓമാരായ മനോജ്‌, അഖിലേഷ്,സി പി ഓമാരായ ദീപു, വിഷ്ണു, അവിനാഷ്, ടോജോ, അനസ് എന്നിവരാണ് ഉണ്ടായിരുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നറിയുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും, ബാക്കി മോഷണ മുതലുകൾ കണ്ടെത്തുന്നതിനും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.
ഒന്നാം പ്രതി അനിൽകുമാർ തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണം മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, ആയുധനിയമം ഉൾപ്പെടെയുള്ള 17 കേസുകളിൽ പ്രതിയാണ്. 2005 മുതൽ 2021വരെയുള്ള കാലയളവിനിടെ എടുത്ത ക്രിമിനൽ കേസുകളാണിവ. ഇവയിൽ 6 കേസുകൾ കവർച്ച നടത്തിയതിന് രജിസ്റ്റർ ചെയ്തവയാണ്. 4 കേസുകൾ മോഷണത്തിനെടുത്തതും. മറ്റുള്ളവ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിനും തട്ടിക്കൊണ്ടുപോകലിനും മറ്റും രജിസ്റ്റർ ചെയ്തവവയാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. പേരൂർക്കട പോലീസ് സ്റ്റേഷനിലെ കാപ്പ കേസ് പ്രതികൂടിയാണ് ഇയാൾ. രണ്ടാം പ്രതി പോക്സോ ഉൾപ്പെടെ മൂന്ന് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബാലരാമപുരം നെയ്യാറ്റിൻകര, നരുവമ്മൂട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണിവ

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page