
കളക്ഷൻ ഏജന്റിന്റെ കയ്യിൽ നിന്നും പണം പിടിച്ചു പറിച്ചു. പ്രതികൾ അറസ്റ്റിൽ
പത്തനംതിട്ട അടൂരിൽ കളക്ഷൻ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അടൂർ പോലീസ് അതിവിദഗ്ദ്ധമായി പിടികൂടി. അടൂർ പന്നിവിഴ കൃഷ്ണവിലാസത്തിൽ വരുൺ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാർത്തികയിൽ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്. 12നു ഉച്ചയ്ക്ക് 1.50ഓടെ അടൂർ ബൈപ്പാസിനു സമീപമുള്ള ചെറുപുഞ്ച എന്ന സ്ഥലത്തു വച്ച് ഏനാത്ത് സ്വദേശിയായ
ശ്രീദേവിനെ തടഞ്ഞുനിർത്തി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയടങ്ങിയ ബാഗ് പ്രതികൾ കവർച്ച ചെയ്ത് എടുക്കുകയായിരുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വ്യാപാരസ്ഥാപനങ്ങളുടെ കളക്ഷൻ ഏജന്റായ ശ്രീദേവ് കളക്ഷൻ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കിൽ പോകുന്ന വഴി പ്രതികൾ ഒരു സ്കൂട്ടറിൽ എത്തി തടഞ്ഞു നിർത്തി പണം പിടിച്ചുപറിക്കുകയും ശ്രീദേവിനെ തള്ളിയിട്ട ശേഷം കടന്നുകളയുകയും ചെയ്തു. തുടർന്ന് ശ്രീദേവ് അടൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. എസ് ഐ അനൂപ് രാഘവൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. അടൂർ ഡി വൈ എസ് പി സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികൾക്കായി തെരച്ചിൽ നടത്തിവരവേ ആലേഖിനെ 20ന് ബൈപാസ് റോഡിൽ നിന്നും വരുണിനെ 21ന് കോട്ടമുകളിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച പ്രതികൾ കുറ്റം സമ്മതിച്ചു. കവർച്ചക്കായി പ്രതികൾ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.അടൂർ ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി, എസ് ഐ അനൂപ് രാഘവൻ,എ എസ് ഐ മഞ്ചുമോൾ, സി പി ഒ മാരായ ശ്യാം, രാഹുൽ, നിധിൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്



