
പന്തളം പോലീസ് തേടിയിറങ്ങി, പതിനാലുകാരന് പ്രിയപ്പെട്ട സൈക്കിൾ തിരികെക്കിട്ടി
ഓരോദിവസവും ഗൗരവമേറിയതും വ്യത്യസ്തവുമായ നിരവധി ഡ്യൂട്ടികളാണ് പോലീസ് സ്റ്റേഷനിൽ ഓരോ ഉദ്യോഗസ്ഥനും നിർവഹിക്കാനുണ്ടാവുക. അതിനാൽതന്നെ, ഉറപ്പായും പോലീസ് സ്റ്റേഷനിലെ ഒരു ദിവസം കടന്നുപോകുക സംഭവബഹുലമായ സന്ദർഭങ്ങളിലൂടെയാവും. കേസുകളുടെയും പരാതികളുടെയും അന്വേഷണം പ്രധാനപ്പെട്ട ഡ്യൂട്ടിയാണ് പോലീസിന്. തിരക്കേറിയ പന്തളം പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച പിതാവിന്റെ കൈപിടിച്ച് ഒരു പതിനാലുകാരൻ സങ്കടം നിറഞ്ഞ മുഖത്തോടെ കയറിവന്നു. കുളനട ഗവണ്മെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ ആ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി തന്റെ വലിയൊരു സങ്കടത്തിനു പരിഹാരം തേടിയാണ് സ്റ്റേഷനിലേക്ക് എത്തിയത്. കുളനട സ്റ്റാൻഡിലെ ടാക്സിഡ്രൈവറായ അച്ഛൻ രത്നാകരന്റെയൊപ്പം എത്തിയ അഭിജിത്ത് (14) സ്റ്റേഷനിലെ ജി ഡി ചാർജ് ഡ്യൂട്ടിയിലെയും പാറാവിലെയും പോലീസ് ഉദ്യോഗസ്ഥരോട് വിവരം പറഞ്ഞു. തുടർന്ന്, ഇരുവരും പോലീസ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി.
ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന് രത്നാകാരൻ നൽകിയ പരാതിയിൽ, തന്റെ മകന്റെ ഏറ്റവും പ്രിയപ്പെട്ട, ഒരു വർഷമായി ഒപ്പമുണ്ടായിരുന്ന സൈക്കിൾ കഴിഞ്ഞ 24 വെള്ളിയാഴ്ച മുതൽ കാണാനില്ല എന്ന പരാതിയായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു അവന് ആ സൈക്കിളുമായി. അതിലായിരുന്നു സ്കൂളിൽ പോകുന്നതും വരുന്നതും. വീട്ടുമുറ്റത്ത് വച്ച സൈക്കിൾ ആരോ മോഷ്ടിച്ചുകൊണ്ടുപോയതായും, എങ്ങനെയെങ്കിലും കണ്ടെത്തി നൽകണമെന്നും ഇരുവരും ഇൻസ്‌പെക്ടറോട് അപേക്ഷിച്ചു. സ്കൂളിൽ പോകാതെ, ഭക്ഷണം കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുന്ന മകന്റെ അവസ്ഥ പിതാവ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഇരുവരെയും ആശ്വസിപ്പിച്ച പോലീസ്, സൈക്കിൾ കണ്ടെത്തി തന്നിരിക്കും എന്ന് അഭിജിത്തിന് ഉറപ്പുകൊടുത്താണ് യാത്രയാക്കിയത്. പോലീസിന്റെ വാക്കു വിശ്വസിച്ച് വീട്ടിലേക്ക് മടങ്ങിയ അവർക്കും വീട്ടുകാർക്കും, നഷ്ടപ്പെട്ട് മൂന്നാം ദിവസം രാവിലെ സ്റ്റേഷനിൽ നിന്നും കിട്ടിയ ഫോൺ സന്ദേശം സൃഷ്‌ടിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു. കൊച്ചുമിടുക്കന്റെ വിഷമം മനസ്സിലാക്കി, പരാതിക്ക് മുന്തിയ പരിഗണന നൽകിയ പോലീസ് ഇൻസ്‌പെക്ടർ സൈക്കിൾ കണ്ടെത്താനുള്ള ദൗത്യം സി പി ഓമാരായ എസ് അൻവർഷായെയും കെ അമീഷിനെയുമാണ് ഏൽപ്പിച്ചത്.ഇരുവരും കുട്ടിയെ വീട്ടിൽ പോയിക്കണ്ടു, വിവരങ്ങൾ തിരക്കി, അവന്റെ വേദനിക്കുന്ന മനസ്സ് അറിയുകയും അവസ്ഥ മനസ്സിലാക്കുകയും ചെയ്തു. പിന്നീട്, ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.
തുടർന്ന്, പഴയ സൈക്കിളുകൾ വാങ്ങുന്ന കടകളിലെത്തി വ്യാപകമായ പരിശോധന നടത്തി. ആറ്റുകടവുകൾ, പൊന്തക്കാടുകൾ ഒക്കെ പോലീസ് സംഘം അരിച്ചുപെറുക്കി. സൈക്കിൾ എങ്ങനെയും കണ്ടെത്തുമെന്ന വാശിയുണ്ടായിരുന്നു നിരവധി സുപ്രധാന കേസുകളിൽ പ്രതികളെയും തൊണ്ടിമുതലുകളും മറ്റും കണ്ടെത്തിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്ക്. ഒരു ദിവസം മുഴുവൻ പോലീസ് സംഘം കുട്ടിക്കുവേണ്ടി മാറ്റിവച്ചു എന്നുവേണം പറയാൻ, അഥവാ അവന്റെ കലങ്ങിയ മനസ്സും സങ്കടം മുറ്റിയ മുഖവും അവരെ ദൗത്യം വിജയിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ പ്രേരിപ്പിച്ചു. ഒടുവിൽ അഭിജിത്തിന്റെ സങ്കടത്തിനും, പോലീസിന്റെ ജാഗ്രതയോടെയുള്ള ആത്മാർത്ഥ ശ്രമങ്ങൾക്കും ഫലം കണ്ടു. വ്യാപകമാക്കിയ തെരച്ചിലിനൊടുവിൽ രാത്രി വൈകി പന്തളം വലിയ പാലത്തിനു സമീപമുള്ള കടവിന്റെ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സൈക്കിൾ കണ്ടെത്തി. 27 ന് രാവിലെ അച്ചനെയും മകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി സൈക്കിൾ തിരികെ പോലീസ് ഏൽപ്പിച്ചു. കുട്ടിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും മനസ്സുകളെ സ്പർശിച്ചു.
സൈക്കിളിനോടുള്ള അദമ്യമായ ഇഷ്ടം, അത് നഷ്ടമായപ്പോൾ അവൻ അനുഭവിച്ച നഷ്ടബോധം, ഇതായിരുന്നു സൈക്കിളിന്റെ മൂല്യമായി പോലീസ് മനസ്സിലാക്കിയത്. അന്വേഷണം മുന്നേറിയപ്പോൾ സൈക്കിൾ കണ്ടെടുക്കാൻ സാധിക്കില്ലേ എന്നൊരു സന്ദേഹം അവർക്കുണ്ടാവുകയും ചെയ്തു. ഒരുവേള പുതിയ സൈക്കിൾ വാങ്ങി അഭിജിത്തിനു കൊടുത്താലോ എന്ന് വരെ ആലോചിച്ചു. കാരണം, അത്രത്തോളമായിരുന്നു കുട്ടിയുടെ സങ്കടമെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. എന്തായാലും, തന്റെ പ്രിയപ്പെട്ട, കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച സൈക്കിൾ ചേർത്തുപിടിച്ച് എസ് പി സി കേഡറ്റ് കൂടിയായ അഭിജിത്ത് സ്റ്റേഷൻ മുറ്റം കടന്നുപോകുമ്പോൾ പോലീസിനോടുള്ള ഇഷ്ടം ഒരുപാട് കൂടിയിരുന്നു. പന്തളം പോലീസിന് അത് മറ്റൊരു അഭിമാനനിമിഷം കൂടി സമ്മാനിക്കുകയും ചെയ്തു



