News

തദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

 

തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥയും പൊതുയോഗവും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥയും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവും അനുസരിച്ചാകണമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദേശിച്ചു.
പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ പൊലീസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കണം.
മറ്റുകക്ഷികളുടെ യോഗവും ജാഥയും തടസപ്പെടുത്തുന്നില്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാര്‍ഥിയും ഉറപ്പുവരുത്തണം. രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്‌തോ, നേരിട്ടോ, രേഖാമൂലമോ, ചോദ്യങ്ങള്‍ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയകക്ഷിയുടെ യോഗം നടക്കുന്ന സ്ഥലത്തു മറ്റൊരു രാഷ്ട്രീയകക്ഷി ജാഥ നടത്തരുത്. ഒരു കക്ഷിയുടെ ചുവര്‍പരസ്യം മറ്റു കക്ഷികളുടെ പ്രവര്‍ത്തകര്‍ നീക്കം ചെയ്യരുത്.
യോഗം നടത്താന്‍ ഉദേശിക്കുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ ഇല്ലെന്ന് രാഷ്ട്രീയകക്ഷിയും സ്ഥാനാര്‍ഥിയും ഉറപ്പുവരുത്തണം.  ഉത്തരവ് നിലവിലുണ്ടെങ്കില്‍ അവ കര്‍ശനമായി പാലിക്കണം. പൊതുയോഗം തടസപ്പെടുത്തുകയോ ക്രമരഹിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്നുമാസം വരെ തടവോ ആയിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. തിരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന രാഷ്ട്രീയസ്വഭാവമുള്ള ഏതു പൊതുയോഗത്തിനും ഇത് ബാധകമാണ്. യോഗം നടത്തുന്നതിന് ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. ശബ്ദമലിനീകരണം സംബന്ധിച്ച നിയമ വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ ശബ്ദത്തില്‍ മാത്രം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാവൂ.
ജാഥ സംഘടിപ്പിക്കുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ സമയം, സ്ഥലം, കടന്നുപോകുന്ന റൂട്ട് എന്നിവ  പ്രദേശത്തെ പൊലീസ് അധികാരിയെ മുന്‍കൂട്ടി അറിയിക്കണം. ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ നിയന്ത്രണ ഉത്തരവ് ഉണ്ടോയെന്ന് സംഘാടകര്‍ പരിശോധിച്ച് നിയന്ത്രണം ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്‍കിയില്ലെങ്കില്‍ അവ കൃത്യമായി പാലിക്കണം. വാഹനഗതാഗതത്തിന് തടസം ഉണ്ടാകാതെ ജാഥ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം. ജാഥ ദൈര്‍ഘ്യമേറിയതാണെങ്കില്‍ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ വിഭാഗങ്ങളായി സംഘടിപ്പിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ജാഥ നടത്തുന്ന സമയത്ത് ഡ്യൂട്ടിയിലുള്ള പോലീസിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണം. ഒരേ സമയം ഒരേ റൂട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാഥ നടത്തുകയാണെങ്കില്‍ ജാഥ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗത തടസം ഉണ്ടാകാതിരിക്കാനും സംഘാടകര്‍ മുന്‍കൂട്ടി ബന്ധപ്പെടണം. ആവശ്യമായ ക്രമീകരണത്തിന് ലോക്കല്‍ പൊലീസിന്റെ സഹായം തേടാം.
ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍  കൊണ്ട് പോകുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയും സ്ഥാനാര്‍ഥിയും ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അവ കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനം നടത്തുന്നതും കുറ്റകരമാണ്.  തദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപൂര്‍ണമായിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page