
നീക്കം ചെയ്യാൻ പാസ്സെടുത്ത മണ്ണ് കൊടുക്കാത്തതുകാരണം കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായി
പത്തനംതിട്ടയിൽ സ്കൂളിലെ ഗ്രൗണ്ടിൽ നിന്നും മണ്ണ് നിയമപരമായ പാസ്സോടെ ജെസിബിയും ടിപ്പറും കൊണ്ട് നീക്കം ചെയ്തുകൊണ്ടിരിക്കവേ, കരാർ എടുത്തയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ മൂന്നുപേരെ പത്തനംതിട്ട പോലീസ് പിടികൂടി. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് എൽ പി സ്കൂൾ വളപ്പിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുമ്പോൾ, അവിടെ ഉണ്ടായിരുന്ന
കോന്നി ഐരവൺ കുമ്മണ്ണൂർ പള്ളി പടിഞ്ഞാറ്റേതിൽ വീട്ടിൽ ഷെരീഫ് ( 50) നും സുഹൃത്ത് ബിപിൻ കുമാറിനുമാണ് മർദ്ദനമേറ്റത്. ഒന്നാം പ്രതി ഓമല്ലൂർ ഐമാലി മുണ്ടപ്പള്ളി കിഴക്കേതിൽ വീട്ടിൽ ജിതേഷ് ( 39), രണ്ടാം പ്രതി ഓമല്ലൂർ പുത്തൻപീടിക പറയാനാലി മടുക്കോലിൽ ജിജോ മോൻ (24), അഞ്ചാം പ്രതി അങ്ങാടിക്കൽ മണ്ണിൽ കിഴക്കേതിൽ പ്പടി ചെനാത്ത് മണ്ണിൽ വീട്ടിൽ രാഹേഷ് (32) എന്നിവരാണ് പിടിയിലായത്. കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. അറസ്റ്റിലായത്. നിർമാണത്തിലിരുന്ന സ്കൂളിന്റെ കളിസ്ഥലത്തിന് വേണ്ടിയാണ് മണ്ണ് നീക്കം ചെയ്യുന്നത്. ഈസമയം ജീപ്പിലും രണ്ട് ബൈക്കിലുമായി ജിതേഷിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മണ്ണ് കയറ്റി വിടാത്തത് എന്തുകൊണ്ടാണെന്ന് ജിതേഷ് ചോദിച്ചപ്പോൾ, സ്കൂൾ സമയത്ത് മണ്ണ് കയറ്റി വിടാനാവില്ലെന്ന് ഷെരീഫ് പ്രതികരിച്ചു. ഉടനെ ജിതേഷ്, ജീപ്പിൽ നിന്നും കമ്പി വടി എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം. ഇടതുകൈ കൊണ്ട് തടഞ്ഞതിനാൽ ഷെരീഫിന്റെ തലയിൽ അടികൊണ്ടില്ല, കൈക്ക് ചതവുണ്ടായി. ജിതേഷും സുഹൃത്തും ചേർന്ന് മുഖത്തും മൂക്കിലും വായിലും കൈകൊണ്ട് ഇടിച്ചു, വായിൽ മുറിവുണ്ടാവുകയും, തല മുഴക്കുകയും ചെയ്തു. ജിതേഷിന്റെ ഒപ്പമുണ്ടായിരുന്നവർ സുഹൃത് ബിപിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും ചെയ്തു. മൂക്കിനും വായിലും ഇടികൊണ്ട് പരിക്കേറ്റ ഷെരീഫ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിവരം ലഭിച്ചതനുസരിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ എസ് സജീവിന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തി. തുടർന്ന്, കുറ്റകരമായ നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജ്ജിതമാക്കിയ തെരച്ചിലിൽ ജിതേഷിനെയും മറ്റ് രണ്ട് പ്രതികളെയും വീടുകളിൽ നിന്നും പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു.വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റിൽ പെട്ട ജിതേഷിനുവധശ്രമത്തിനും മർദനം ഏൽപ്പിച്ചതിനും മുമ്പ് പത്തനംതിട്ട സ്റ്റേഷനിൽ ക്രിമിനൽ കേസ് ഉണ്ട്.
ജിജോ മോനെതിരെയും മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മറ്റ് പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്



