
പത്തനംതിട്ട ജില്ലയിലെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു
പത്തനംതിട്ട ജില്ലയിൽ പെൻഷൻ ആയ പോലീസ് ഉദ്യോഗസ്ഥർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ വിതരണം ജില്ലാ പോലീസ് മേധാവി. വി. ജി. വിനോദ് കുമാർ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ചേംബറിൽ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേർസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെള്ളി രാവിലെ 10.30 നു നടന്ന ചടങ്ങിലാണ് തിരിച്ചറിയൽ കാർഡിന്റെ വിതരണം ചെയ്തത്. പെൻഷനേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് റിട്ടയേഡ് എസ് പി തോമസ് ജോണിന് ജില്ലാ പോലീസ് മേധാവി ഐ. ഡി കാർഡ് നൽകി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സജികുമാർ, ജില്ലാ സെക്രട്ടറി വൈ റഹീം റാവുത്തർ, ജില്ലാ വൈസ് പ്രസിഡണ്ട് പീലിപ്പോസ് എബ്രഹാം, ട്രഷറർ മുരളിദാസ്, ഡി പി ഓ മാനേജർ ബിജോയ് കെ എബ്രഹാം, ജൂനിയർ സൂപ്രണ്ട് സി. അശോക് കുമാർ, സെക്ഷൻ ക്ലാർക്ക് റ്റി. ആർ. മൃദുൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ നിന്നുള്ള മുഴുവൻ അപേക്ഷകളും പരിഗണിച്ച് 118 തിരിച്ചറിയൽ കാർഡുകൾ ഇതിനകം വിതരണം ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ പരിചയസമ്പത്ത് പൊതുസമൂഹത്തിന് ഗുണകരമായി പ്രയോജനപ്പെടുത്തേണ്ടതിന്റെയും, മയക്കുമരുന്ന് വ്യാപനം പോലുള്ള സാമൂഹിക ദോഷങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തെ പുതിയ രൂപത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കായും ഇവരുടെ സേവനം ജില്ലാ പോലീസിന് വിനിയോഗിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.



