News

ശബരിമല മണ്ഡലമകരവിളക്ക് ഉത്സവകാലത്ത് പോലീസ് ഒരുക്കങ്ങൾ പൂർത്തിയായി: എസ് പി വി.ജി.വിനോദ് കുമാർ

മണ്ഡലമകരവിളക്ക് ഉത്സവകാലത്തേക്കുള്ള പോലീസ് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ അറിയിച്ചു. പോലീസുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലക്കൽ തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.
തീർത്ഥാടനകാലയളവിൽ ഭക്തരുടെ സുഗമമായ ദർശനത്തിനും, ട്രാഫിക് നിയന്ത്രണം, വാഹനപാർക്കിങ് തുടങ്ങിയ കാര്യങ്ങളുടെ ക്രമീകരണത്തിനും ആവശ്യമായ പോലീസ് സേവനം ലഭ്യമാക്കുന്നത് ഉറപ്പാക്കികഴിഞ്ഞു. സനിധാനം പമ്പ നിലയ്ക്കൽ എന്നിവടങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന പോലീസുദ്യോഗസ്ഥർക്ക് താമസിക്കാനുള്ള ബാരക്കുകൾ തയാറാക്കി. ഇവർക്കുള്ള മെസ്സ് സൗകര്യവും ശുചിമുറി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ക്രമീകരിച്ചു. സന്നിധാനത്ത് കൺട്രോൾ റൂം 14 ന് പ്രവർത്തനസജ്ജമാവും.ഓരോ കമ്പനി ആർ എ എഫ്, എൻ ഡി ആർ എഫ് സേനാംഗങ്ങളും ഡ്യൂട്ടിക്കെത്തും. ഇവരെ സന്നിധാനം പമ്പ എന്നിവടങ്ങളിലായി നിയോഗിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യം സംഘം 14 ന് ഉച്ചയ്ക്ക് ചുമതലയേൽക്കും.ആദ്യഘട്ടത്തിലെ സന്നിധാനം സ്പെഷ്യൽ ഓഫീസറായി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ് പി കെ ഇ ബൈജുവിനെ നിയമിച്ചിട്ടുണ്ട്. പമ്പ എസ് ഓ ആയി സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്‌ എസ് പി ടി ഫെറാഷും, നിലക്കൽ എസ് ഓ ആയി കൊല്ലം പത്തനംതിട്ട ക്രൈം ബ്രാഞ്ച് എസ് പി എസ് സുരേഷ് കുമാറും ( സീനിയർ )നിയമിതാരായിട്ടുണ്ട്.
താൽക്കാലിക പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം 13 ന് തുടങ്ങും
സന്നിധാനം നിലക്കൽ വടശ്ശേരിക്കര എന്നിവടങ്ങളിൽ നവംബർ 13 ന് താൽക്കാലിക പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിക്കും. അടുത്ത വർഷം ജനുവരി 20 വരെ ഇവ പ്രവർത്തിക്കും. ഇവിടങ്ങളിലേക്കു ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. സുഗമമായ ദർശനം, മികച്ച ഗതാഗത നിയന്ത്രണം, ക്രമസമാധാന പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ പോലീസ് സേവനം കാര്യക്ഷമമായി തുടരും. ഈമാസം 13 മുതൽ ഡിസംബർ 17 വരെയുള്ള ആദ്യഘട്ടത്തിലേക്കുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് താൽക്കാലിക പോലീസ് സ്റ്റേഷനുകളിലേക്ക് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.
മൂന്നിടങ്ങളിലെയും എസ് എച്ച് ഓ മാർക്ക് 13 മുതൽ ഡിസംബർ 2 വരെയുള്ള 20 ദിവസത്തേക്കാണ് നിയമനം. സന്നിധാനത്ത് തിരുവല്ല എസ് ഐ അനൂപ് ചന്ദ്രനും, നിലയ്ക്കലിൽ അടൂർ എസ് ഐ ബാലസുബ്രഹ്മണ്യനും, വടശ്ശേരിക്കരയിൽ കൊടുമൺ എസ് ഐ വിപിൻ കുമാറും എസ് എച്ച് ഒമാരായി നിയമിക്കപ്പെട്ടിട്ടുണ്ട്. വിവിധ റാങ്കിലുള്ള 20 പോലീസുദ്യോഗസ്ഥരെ സന്നിധാനത്തും, 16 പേരെ നിലയ്ക്കലും, 12 പേരെ വടശ്ശേരിക്കരയിലും നിയമിച്ചു. ക്യൂ എം സ്റ്റോർ, ബോംബ് ഡീറ്റെക്ഷൻ സ്‌ക്വാഡ്, സി സി ടി വി എന്നിവയിലേക്കും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുടങ്ങി
സന്നിധാനം, പമ്പ, നിലയ്ക്കൽ, ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പരിസരപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി പോലീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, വേഗത്തിലുള്ള നടപടികൾ ഉദ്ദേശിച്ചുള്ള കണ്ട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രവർത്തനോത്ഘാടനം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തനക്ഷമായിരിക്കും. ഇവിടേക്ക് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസ് പ്രവർത്തനങ്ങളുടെ ഏകോപനവും, അതിവേഗത്തിലുള്ള നടപടികളും ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഡിഷണൽ എസ് പി ആർ ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ ശ്രീകുമാർ സ്വാഗതവും എ എസ് ഐ ശ്രീകുമാർ നന്ദിയും പറഞ്ഞു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി കെ എ വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി ജെ ഉമേഷ്‌ കുമാർ, ഡി സി ആർ ബി ഡി വൈ എസ് പി റോബർട്ട്‌ ജോണി, ഡി പി ഓ എ എ സുരേഷ് കുമാർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ബി എസ് ശ്രീജിത്ത്‌, പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി പ്രദീപ്‌ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട പോലീസ് സേവനങ്ങൾക്കും സഹായങ്ങൾക്കും 14432 എന്ന പോലീസ് ഹെൽപ്‌ലൈൻ നമ്പരിൽ വിളിക്കാവുന്നതാണ്. കണ്ട്രോൾ റൂം അലെർട് നമ്പരും നിലവിൽ വന്നു, 9497931290. കണ്ട്രോൾ റൂം ഇമെയിൽ ഐ ഡി sppta.pol@kerala.gov.in എന്നതാണ്

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page