
തിരുവല്ല സ്പാ ബലാൽസംഗ കേസിലെ ഒന്നാംപ്രതി സുബിൻ അലക്സാണ്ടറെ കാപ്പ – 3 പ്രകാരം കരുതൽ തടങ്കലിൽ ആക്കി
തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്പായിൽ ജീവനക്കാരിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയ പ്രതികളിൽ ഒന്നാം പ്രതിയായ സുബിൻ അലക്സാണ്ടറെ കാപ്പാ-3 പ്രകാരം കരുതൽ തടങ്കലിൽ ആക്കിയിട്ടുള്ളതാണ്. തിരുവല്ലയിലെ വെൽനെസ്സ് സ്പാ സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും പണം നൽകാതിരുന്നതിനെ തുടർന്ന് ജീവനക്കാരിൽ ഒരാളെ ബലാൽസംഗം ചെയ്യുകയും ഉപദ്രവിക്കുകയും സ്ഥാപനത്തിൽ വന്ന കസ്റ്റമറുടെ കൂടെ നിർത്തി ഫോട്ടൊ പകർത്തിയും കസ്റ്റമറുടെയും മറ്റ് ജീവനക്കാരുടെയും കൈയ്യിൽ നിന്നും ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്ത കുറ്റത്തിന് തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സുബിൻ അലക്സാണ്ടർ. സുബിൻ അലക്സാണ്ടറിനെ 2022 വർഷത്തിൽ കാപ്പാ പ്രകാരം പത്തനംതിട്ട ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നതും തുടർന്നും കുറ്റങ്ങൾ ആവർത്തിച്ചു വന്നിട്ടുള്ള ഇയാൾ 2024 വർഷത്തിൽ 6 മാസക്കാലം കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ് വന്നിരുന്നതുമാണ്.
2018 മുതൽ നാളിതുവരെ 19 ഓളം കേസ്സുകളിൽ പ്രതിയായിട്ടുള്ള സുബിൻ അലക്സാണ്ടർ തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്ത് വന്നിട്ടുള്ളതിനാൽ ഇയാൾക്കെതിരെ തുടർന്നും കാപ്പാ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 06.04.2026 തീയതി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടർ സുബിൻ അലക്സാണ്ടറിനെതി രെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. സ്പാ കേസ്സിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ് വന്നിരുന്ന സുബിൻ അലക്സാണ്ടറിനെ തിരുവല്ല സ്റ്റേഷൻ ഹൌസ് ഓഫിസർ മാവേലിക്കര സബ് ജയിലിൽ നിന്നും ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻ്ട്രൽ ജയിലിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട് .സ്പാ കേസ്സിലെ മറ്റ് പ്രതികൾക്കെതിരേയും ജില്ലയിൽ സ്ഥിരമായി മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട് വരുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരുന്നതും ഇത്തരക്കാർക്കെതിരെ തിരുവനന്തപുരം റേഞ്ച് കാര്യാലയത്തിലേക്കും ജില്ലാ കളക്ടർക്കും റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതുമാണെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചിട്ടുള്ളതാണ്.



