
ഹഷീഷ് ഓയിലും കഞ്ചാവും പിടികൂടി,3 പേർ അറസ്റ്റിൽ
ലഹരിവസ്തുക്കളുടെ വില്പനയ്ക്കെതിരായി ജില്ലാ പോലിസ് മേധാവിയുടെ നിർദേശപ്രകാരം നടക്കുന്ന പരിശോധനകളിൽ ഞായർ മൂന്നുപേർ പോലീസിന്റെ പിടിയിലായി. ഇവരിൽ നിന്നും 7 ഗ്രാം ഹഷീഷ് ഓയിലും,10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഞായർ രാത്രി ജില്ലാ ഡാൻസാഫ് സംഘം കൊടുമണ്‍, കൂടൽ പോലീസ് സ്റ്റേഷനുകളുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
നെടുമൺകാവ് ഫാക്ടറി പടിക്ക് സമീപമുള്ള ഗുരു മന്ദിരത്തിന് അടുത്തുവെച്ച് 7 ഗ്രാം ഹഷീഷ് ഓയിലുമായി നൂറനാട് പടനിലം കിടങ്ങയം അരുണ്‍ നിവാസിൽ അനില്‍കുമാര്‍( 32) അറസ്റ്റിലായി. കൊടുമൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത്, തുടർ നടപടികൾ കൈകൊണ്ടു. കൂടല്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് നിന്ന് കൂടൽ ഏലിയാ മൂല തണ്ണീർപ്പന്തൽ വീട്ടിൽ രാജന് (36 ), കൂടൽ അഞ്ചുമുക്ക് സനീഷ് ഭവനം വീട്ടിൽ സതീഷ് ( 40 ) എന്നിവർ 10 ഗ്രാം കഞ്ചാവുമായി കസ്റ്റഡിയിലായി.കൂടൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.
ജില്ലയിൽ അനധികൃത മദ്യ മയക്കുമരുന്ന് കച്ചവടത്തിനും, കടത്തിനുമെതിരെ റെയ്ഡ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ തുടരുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും, നടപടി തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിന് ശക്തമായ പോലീസ് നടപടി ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.



