
പ്ലംബിംഗ് ഇലക്ട്രിക് സാധനങ്ങൾ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി
പത്തനംതിട്ട കല്ലറക്കടവ് നിന്ന് ചൊവ്വാഴ്ച രാവിലെ 10 30 ഓടെ മോഷ്ടിച്ചതെന്ന് കരുതുന്ന വസ്തുക്കളുമായി നാട്ടുകാർ തടഞ്ഞുവച്ച് പത്തനംതിട്ട പോലീസിന് കൈമാറിയയാളെ അറസ്റ്റ് ചെയ്തു. കോന്നി അതിരുങ്കൽ കളഗിരി കിഴക്കേതിൽ വീട്ടിൽ എസ് രാഹുൽ( 26) ആണ് സഞ്ചരിച്ച മോട്ടോർസൈക്കിൾ ഉൾപ്പെടെ പിടിയിലായത്. വാഴമുട്ടം ഈസ്റ്റ് സ്വദേശിയുടെ ഉടമസ്ഥതയിൽ വാഴമുട്ടത്തു പ്രവർത്തിക്കുന്ന വൃന്ദ സ്റ്റോഴ്സിൽ നിന്നും രണ്ട് ദിവസങ്ങളിലായി പ്ലംബിംഗ് ഇലക്ട്രിക് സാധനങ്ങൾ മോഷണം പോയിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ സംശയകരമായ സാഹചര്യത്തിൽ കല്ലറക്കടവിൽ വച്ച് ഇയാളെ തടഞ്ഞുവച്ച ശേഷം പോലീസിനെ അറിയിച്ചു. പത്തനംതിട്ട പോലീസെത്തി കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു,രാവിലെ 9 നാണ് കാടമുറിക്കുള്ളിൽ സൂക്ഷിച്ച സാധനങ്ങൾ പൂട്ട് പൊട്ടിച്ചു അകത്തുകയറി മോഷ്ടിച്ചത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലാണ് നടപടികൾ കൈക്കൊണ്ടത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ മോഷ്ടിച്ച മുതലുകൾ പോലീസ് കണ്ടെടുത്തു.



