News

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലിസ് പിടികൂടിയിട്ട് വൈകാതെ കുട്ടികളെ സ്കൂളിലെത്തിച്ചു.

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പരിശോധനയിൽ പിടികൂടി, തുടർന്ന് ബസ് ഓടിച്ച് കുട്ടികളെ സുരക്ഷിതമായി പോലീസ് സ്കൂളിലെത്തിച്ചു. ഇന്നുരാവിലെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലാണ് വാഹനപരിശോധനയ്ക്കിടെ 8.15 ന് സ്കൂൾ ബസ് ഡ്രൈവറെ മദ്യപിച്ച് വാഹനം ഓടിച്ചനിലയിൽ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. മെഴുവേലി കൊകോളത്തി തടത്തിൽ വീട്ടിൽ ലിബിൻ ചന്ദ്രൻ (36) ആണ് ട്രാഫിക് പോലീസിന്റെ പിടിയിലായത്. ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് എസ് ഐ അജി സാമൂവലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടപടിയെടുത്തത്.വിദ്യാലയങ്ങൾ തുറന്നശേഷം ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിൽ ശക്തമാക്കിയ നടപടിയുടെ ഭാഗമായുള്ള വാഹനപരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇലന്തൂർ മെഴുവേലിയിലുള്ള സ്വകാര്യ സ്കൂളിന്റെ ഡ്രൈവർ ആണ് ഇയാൾ. സ്റ്റേഡിയം സെന്റ് പീറ്റേഴ്സ് റോഡിൽ കുട്ടികളുമായി പോകുമ്പോഴാണ് ട്രാഫിക് പോലീസിന്റെ പരിശോധനയിൽ പിടിയിലായത്. മദ്യപിച്ചതായി തെളിഞ്ഞതിനെതുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിച്ചു. സ്റ്റേഷനിൽ തുടർനടപടി കൈകൊണ്ടു. ട്രാഫിക് എസ് ഐ സ്കൂളിൽ പോയി പ്രിൻസിപ്പലിനെ കണ്ട് വിവരം ധരിപ്പിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും, ഇക്കാര്യത്തിൽ കർശന പരിശോധനയ്ക്കു ശേഷമേ ഡ്രൈവർമാരെ ഡ്യൂട്ടിക്ക് അയക്കുകയുള്ളൂ എന്ന് അദ്ദേഹം പോലീസിനെ അറിയിച്ചു.പത്തനംതിട്ട പോലീസ് ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു. എസ് ഐ ഷിജു പി സാമാണ് കേസ് രജിസ്റ്റർ ചെയ്തത്. ബസിൽ 12 കുട്ടികളും സഹായിയായ ജീവനക്കാരിയും ഉണ്ടായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതിന് മോട്ടോർ വാഹനവകുപ്പിന് പോലീസ് റിപ്പോർട്ട്‌ നൽകും. ട്രാഫിക് എസ് ഐ ക്കൊപ്പം എസ് സി പി ഓ ജയപ്രകാശ്, സി പി ഓ ശരത് ലാൽ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചു. വിമുക്ത ഭടൻ കൂടിയായ എസ് സി പി ഓ ജയപ്രകാശ് ആണ് സ്കൂൾ വാഹനം ഓടിച്ച് കുട്ടികളെ സ്കൂളിൽ സുരക്ഷിതമായി എത്തിച്ചത്. പകരം ഡ്രൈവർ സമയത്ത് സ്കൂളിൽ ലഭ്യമാകാത്തതിനാൽ അടുത്ത ട്രിപ്പിലുള്ള വിദ്യാർത്ഥികളെയും ജയപ്രകാശ് തന്നെ വാഹനം ഓടിച്ച് സ്കൂളിലാക്കി. നാരങ്ങാനം ഭാഗത്തുള്ള കുട്ടികളെയാണ് ഇദ്ദേഹം രണ്ടാമത് സ്കൂളിൽ കൊണ്ടാക്കിയത്. വാഹനത്തിൽ ആയയും ഉണ്ടായിരുന്നു.
പോലീസ് മാമൻ ഡ്രൈവറായ വാഹനയാത്രയിലെ കൗതുകം വിട്ടുമാറാതെ കുട്ടികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥൻ ബസുമായി വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ചപ്പോൾ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർക്കും അതൊരു പുതിയ അനുഭവമായി. വിമുക്ത ഭടൻ കൂടിയായ
ജയപ്രകാശ് ഒരു വർഷമായി പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റിൽ ജോലി നോക്കിവരികയാണ്. പത്തനംതിട്ട ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ട്.
സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിലെ പോലീസ് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചും സ്റ്റേഷൻ തലങ്ങളിലും വിവിധ വകുപ്പുകളെയും സ്കൂൾ അധികൃതരെയും മറ്റും സഹകരിപ്പിച്ച് അവലോകനബോധവൽക്കരണപരിപാടികൾ പോലീസ് നടത്തിയിരുന്നു. ഡ്രൈവർമാർക്ക് പ്രത്യേകം നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഈ സമയം നൽകിയിരുന്നതുമാണ്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുമുണ്ട്. കുട്ടികൾക്ക് സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ടുവരികയാണ്. സ്കൂൾ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യത്തിൽ കർശന പരിശോധന തുടർന്നും ഉണ്ടാവും. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുന്നതിനു കർശന നിർദേശം പോലീസിന് നൽകിയിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Ranni

malayoraraninews kottuppallil cherukulanji Pazhavanagadi-Ranny Pathanamthitta-Keralam വാർത്തകൾ, പരസ്യങ്ങൾ, Mob:9446426844,9447314759

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

You cannot copy content of this page