
മുൻവിരോധത്താൽ സഹോദരങ്ങളെയും സുഹൃത്തിനെയും കുത്തിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിലായി
രണ്ടുമാസം മുമ്പുണ്ടായ വാക്കുതർക്കത്തെതുടർന്ന് നിലനിന്ന മുൻവിരോധത്താൽ, സഹോദരങ്ങളെയും സുഹൃത്തിനെയും കത്തികൊണ്ട് കുത്തിയും വെട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടാം പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ അർജുൻ (27) ആണ് അറസ്റ്റിലായത്. ഇയാൾ തിരുവല്ല പോലീസ് സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത മൂന്നു കേസ്സുകളിലും കോട്ടയം വാകത്താനം പോലീസ് സ്റ്റേഷനിലെ രണ്ടു കേസുകളിലും പ്രതിയായിട്ടുണ്ട്. ഇവയിൽ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാറാണ് ഒന്നാം പ്രതി, ഇയാൾ ഒളിവിലാണ്.
ഞായർ രാത്രി എട്ടു മണിയോടെ തിരുവല്ല മഞ്ഞാടി എവിഎസ് ഫ്ലാറ്റിന് സമീപം കാറിലെത്തിയ മഞ്ഞാടി ആമല്ലൂർ ദേശത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഗോകുൽ, സഹോദരൻ രാഹുൽ, സുഹൃത്ത് അഖിലേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അർജുനും ഒന്നാം പ്രതിയും ചേർന്ന് കാർ തടഞ്ഞുനിർത്തി അസഭ്യം വിളിച്ചു. കാറിൽ നിന്ന് ഇറങ്ങിയ ഗോകുലിനെയും രാഹുലിനെയും അഖിലേഷിനെയും കത്തികൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. അർജുൻ കയ്യിലിരുന്ന കത്തികൊണ്ട് അഖിലേഷിനെയാണ് ആദ്യം കുത്തിയത്, പുറത്താണ് കുത്ത് കൊണ്ടത്. തടയാൻ ശ്രമിച്ച രാഹുലിന്റെ തലക്ക് കുത്തേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഗോകുലിനെ പിന്നീട് കുത്തിയും വെട്ടിയും അർജ്ജുൻ പരിക്കേൽപ്പിക്കുകയായിരുന്നു. ഇയാളുടെ തലയ്ക്കും മൂക്കിനും ഗുരുതരമായ മുറിവുകൾ സംഭവിച്ചു. ഒന്നാം പ്രതി കല്ലുകൊണ്ട് ഇടിക്കുകയും, ഇരുവരും ചേർന്ന് മൂവരെയും മർദ്ദിക്കുകയും ചെയ്തതായാണ് കേസ്. പരിക്കേറ്റവരും അർജുനുമായി രണ്ട് മാസം മുമ്പ് തിരുവല്ലയിലെ ഒരു ബാറിൽ വച്ച് സംഘർഷം ഉണ്ടായിരുന്നു, ഇതിന്റെ വിരോധം കാരണമാണ് ഇപ്പോഴത്തെ ആക്രമണം.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് ഇന്നലെ പുലർച്ചെ 3.30 യോടെ ആശുപത്രിയിലെത്തി ഗോകുലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തുടർന്ന് വധശ്രമത്തിന് പ്രതികൾക്കെതിരെ കേസെടുത്ത് പോലീസ് ഇൻസ്പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണംഊർജ്ജിതമാക്കിയ അന്വേഷണത്തിൽ, അർജ്ജുൻ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം ലഭിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിക്ക് പോലീസ് അവിടെയെത്തി ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം രാവിലെ 10.30 ന് അറസ്റ്റ് രേഖപ്പെടുത്തി.
ഇയാളുടെ ഇടതുകൈമുട്ടിലും കൈപ്പത്തിയിലും മറ്റും മുറിവ് വച്ചുകെട്ടിയതുകണ്ട് ചോദിച്ചപ്പോൾ രാഹുൽ വടിവാൾ കൊണ്ട് വെട്ടിയതിൽ സംഭവിച്ചതാണെന്ന് പറയുകയും, തുടർന്ന് ഇയാളുടെ മൊഴിപ്രകാരം രാഹുൽ, ഗോകുൽ, അഖിലേഷ് എന്നിവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. അർജ്ജുനെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ പ്രൊബേഷൻ എസ് ഐ ഹരികൃഷ്ണൻ, എ എസ് ഐമാരായ ജോജോ ജോസഫ്, ജയകുമാർ,എസ് സി പി ഓമാരായ അഖിലേഷ്, എം എസ് മനോജ് കുമാർ, റ്റി സന്തോഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.



