
രഹസ്യവിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിനൊടുവിൽ പന്തളം പോലീസ് 53 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി
പത്തനംതിട്ട പന്തളത്ത് രഹസ്യവിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിനൊടുവിൽ പന്തളം പോലീസ് 53 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി.
പന്തളം കുളനട വട്ടയം വട്ടയത്തിൽ മേലേമുറിയിൽ അജോ തോമസ് ( 22 )ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടർന്ന് അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ബുധനാഴ്ച രാത്രി 8.30 ഓടെ കുളനടയിൽ വച്ച് പോലീസ് പിന്തുടർന്ന് കസ്റ്റഡിയിലെ ടുക്കുകയായിരുന്നു.പോലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ വിനോദ് കുമാർ, പോലീസ് ഉദ്യോഗസ്ഥരായ എസ് അൻവർഷ, വിജയകുമാർ, അജീഷ്, ആനന്ദ് എന്നിവരാണ് ഉണ്ടായിരുന്നത്. സൈഡ് കണ്ണാടി ഇല്ലാത്ത ബൈക്കിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്നു യുവാവ്. കുറച്ചുനാളുകളായി പന്തളം പോലീസിന്റെ നിരന്തര നിരീക്ഷണത്തിലുള്ള ഇയാളെ, രഹസ്യവിവരത്തെ തുടർന്ന് പോലീസ് പിന്തുടരുകയായിരുന്നു. പോലീസ് സംഘത്തെ കണ്ട് ബൈക്ക് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് വളഞ്ഞ് സാഹസികമായാണ് പിടികൂടിയത്. പരിശോധിച്ചപ്പോൾ 9 പൊതികളിൽ വിൽപ്പനയ്ക്കായി പോക്കറ്റിലും മറ്റും സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു.
കഞ്ചാവിന്റെ ഉറവിടം, കൂടുതൽ കണ്ണികളുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായി ചോദ്യം ചെയ്തു, പോലീസ് അന്വേഷണം തുടരുകയാണ്. ഓണനാളുകളുമായി ബന്ധപ്പെട്ട് ലഹരിവസ്തുക്കൾക്കെതിരായ പരിശോധനകളും പോലീസ് നടപടികളും കർശനമായി തുടരാൻ ജില്ലയിലെ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഇത്തരത്തിൽ പരിശോധന ശക്തമാക്കാൻ പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.



