
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി
തിരുവല്ല, കീഴ്വായ്പൂര്, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കരുതൽ തടങ്കലിൽ പാർപ്പിച്ചു. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂർക്കര ആറ്റുമാലിൽ വീട്ടിൽ സുജു എന്ന് വിളിക്കുന്ന സുജു കുമാറി (29) നെയാണ് തിരുവല്ല പോലീസ് ഒരു വർഷത്തേക്ക് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(കാപ്പ ) വകുപ്പ് 2 (പി )പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.
ഫെബ്രുവരി 12 ലെ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം ഈ മാസം 15നാണ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ഉത്തരവായത്. 2014 മുതൽ 21 കേസുകളിൽ പ്രതിയാണ് സുജുകുമാർ. ഇവയിൽ 13 കേസുകളാണ് ഉത്തരവിനായുള്ള റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. 12 കേസുകളും കോടതിയിൽ വിചാരണയിൽ തുടരുമ്പോൾ ഒരു കേസ് അന്വേഷണത്തിലാണ്. യുവാവിനെതിരെ 2023 ഫെബ്രുവരി 24 ന് കാപ്പ നിയമം വകുപ്പ് 3(1) അനുസരിച്ചു ആറുമാസത്തേക്ക് കരുതൽ തടങ്കൽ ഉത്തരവായിരുന്നു.
തടങ്കൽ കാലാവധിക്ക് ശേഷം ഓഗസ്റ്റ് 23 ന് പുറത്തിറങ്ങിയ പ്രതി തുടർന്നും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടു. പിന്നീട് മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിലേക്ക് തിരുവല്ല പോലീസ് സ്റ്റേഷനിൽ നിന്നും 2024 മാർച്ച് 28 ന് സി ആർ പി സി 110 പ്രകാരം തിരുവല്ല സബ് ഡിവിഷണൽ രജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ഇത്കോടതിയിൽ വിചാരണയിലായിരുന്നു. ബോണ്ട് വയ്ക്കാതെ പ്രതി തുടർച്ചയായി കോടതിയിൽ ഹാജരാവാത്തതിനാൽ കോടതിയിൽ നടപടികൾ അവസാനിപ്പിച്ചിരുന്നു.
അടിപിടി വീടുകയറി ആക്രമണം മാ രകായുധം ഉപയോഗിച്ചുള്ള ആക്രമണം കവർച്ച വാഹന നശിപ്പിക്കൽ തീവെപ്പ് സർക്കാർ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ പെട്രോൾ ബോംബ് പോലെയുള്ള ആയുധം ഉപയോഗിച്ച് ആക്രമണം സംഘം ചേർന്നുള്ള ആക്രമണം സ്ത്രീകൾക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടു വരികയാണ് പ്രതി. സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഉൾപ്പെട്ടു.
2014 മുതൽ തിരുവല്ല പോലീസിൽ രജിസ്റ്റർ ചെയ്ത മറ്റ് എട്ടു കേസുകളും ഇയാൾക്കെതിരെയുണ്ട്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിയുടെ ഉത്തരപ്രകാരം 2021 മാർച്ച് എട്ടിന് ആറുമാസത്തേക്ക് ഇയാളെ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. പ്രതിക്കെതിരെ സി ആർ പി സി 107 അനുസരിച്ചും കോടതി നടപടി കൈകൊണ്ടു. റൗഡി ഹിസ്റ്ററി സീറ്റിൽ ഉൾപ്പെടുത്തിയും സഞ്ചലനസ്വാതന്ത്ര്യം നിയന്ത്രിച്ചും ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. തുടർന്നാണ് ജില്ലാ പോലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.



