
വീട്ടിൽ കടന്ന് ഇലക്ട്രിക് പ്ലമ്പിങ് ഉപകരണങ്ങൾ നശിപ്പിച്ച് മോഷണം നടത്തിയ കൗമാരക്കാർ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
പത്തനംതിട്ട വലഞ്ചുഴി കാവ് ജംഗ്ഷനിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഇലക്ട്രിക് പ്ലംബിംഗ് ഉപകരണങ്ങൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത കൗമാരക്കാർ ഉൾപ്പെട്ട സംഘത്തിലെ ഒരാളെ കൂടി പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മേലേ വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ മേലേമഠത്തിൽ വീട്ടിൽ ആർ ജൂബി (19) ആണ് ഇന്ന് പിടിയിലായത്. കേസിൽ അഞ്ചാം പ്രതിയായ ഇയാളെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്നും ഇന്നുച്ചയോടെയാണ് കസ്റ്റഡിയിൽ എടുത്തത്.മോഷ്ടിച്ച മുതലുകളിൽ ചിലത് ആനപ്പാറയിലെ ആക്രിക്കടയിൽ വിറ്റതായും, കിട്ടിയ പണം മദ്യപിക്കാൻ ചെലവാക്കിയതായും യുവാവ് പോലീസിനോട് സമ്മതിച്ചു. വിശദമായി ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ 3 കൗമാരക്കാർ ഉൾപ്പെടെ 6 പേരെ പത്തനംതിട്ട പോലീസ് ആദ്യം തന്നെ പിടികൂടിയിരുന്നു. പത്തനംതിട്ട, വലഞ്ചൂഴി കിഴക്കേടത്ത് ലക്ഷംവീട്ടിൽ അനു (20), ആദിത്യൻ(20), വലഞ്ചുഴി കാരുവേലിൽ സൂര്യദേവ് (18)മറ്റു 3 പ്രായപൂർത്തിയാകാത്തവർ എന്നിങ്ങനെ 6 പേരാണ് കേസ് രജിസ്റ്റർ ചെയ്തയുടൻ പിടിയിലായത്. പിന്നീട് നാലാം പ്രതി വലഞ്ചുഴി അശ്വിൻ നിവാസിൽ അശ്വിൻ കുമാർ (21) പിടിയിലായി.
കുമ്പഴ പുതുപ്പറമ്പിൽ അവിജിത്ത് ജെ പിള്ളയുടെ വലഞ്ചുഴി കാവ് ജംഗ്ഷനിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഘത്തിന്റെ സാമൂഹികവിരുദ്ധ അഴിഞ്ഞാട്ടം ഉണ്ടായത്. ഫ്രിഡ്ജ്,മൈക്രോവേവ് ഓവൻ, 3 എ സികൾ, വാക്വം ക്‌ളീനർ, പ്രഷർ വാട്ടർ പമ്പ് തുടങ്ങിയവ നശിപ്പിച്ചു. ഇവയുടെ ഇലക്ട്രിക് വയറുകൾ വീടിനകത്ത് കൂട്ടിയിട്ട് കത്തിച്ചു. ശുചിമുറിയിലെ ഫിറ്റിങ്ങുകളും തകർത്തു. നിരവധി സാധനങ്ങൾ അടിച്ചു നശിപ്പിച്ച ശേഷം കൂട്ടിയിട്ട് കത്തിച്ച്, ആയതിന്റെയെ
ല്ലാം ചെമ്പ് കമ്പികൾ എടുക്കുകയും, അടുക്കള ഉപകരണങ്ങൾ, വാക്വo ക്ലീനർ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്ത് അവയുടെ ഇലക്ട്രിക് ഭാഗങ്ങൾ മോഷ്ടിക്കുകയും ചെയ്തു.70 സെന്റ് സ്ഥലത്ത് 8000 ചതുരശ്ര അടിയിൽ നിർമിക്കുന്ന മൂന്നുനിലകെട്ടിടം 10 വർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. സംഘം മുൻവശത്തെ വാതിൽ തകർക്കുകയും, മുറിക്കുള്ളിൽ പെയിന്റ് വാരി തേച്ചും ചിത്രങ്ങൾ വരച്ചും വികൃതമാക്കുകയും ചെയ്തിരുന്നു. വീടിന്റെ ചുറ്റുമതിലിലെ ഇരുമ്പ് ഗ്രില്ല് മോഷ്ടിച്ചു. ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഗ്രില്ലുകളും മറ്റും ഇളക്കിക്കൊണ്ട് പോയത് മറ്റു പ്രതികൾക്കൊപ്പമാണെന്ന് സമ്മതിച്ചു. മറ്റു പ്രതികളെ കൂടി ചോദ്യം ചെയ്തതോടെ ഗ്രില്ല്, ചെമ്പു കമ്പികൾ എന്നിവ കണ്ടെത്തി. 17 കാരായ മൂന്നുപേരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയശേഷം കൊല്ലത്തെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയും, ഒന്നുമുതൽ നാല് വരെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുകയും ചെയ്തിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരുന്നവരിൽ ഒന്നും മൂന്നും പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തിയിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാന്റെ മേൽനോട്ടത്തിലും പോലീസ് ഇൻസ്‌പെക്ടർ കെ സുനുമോന്റെ നേതൃത്വത്തിലുമാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തിൽ എസ് ഐമാരായ കെ ആർ രാജേഷ് കുമാർ, ഷിജു പി സാം, എ എസ് ഐ ബീന, എസ് സി പി ഓമാരായ രാജിവ് കൃഷ്ണൻ, അയൂബ് ഖാൻ, അൽ സാം, രാജേഷ്, സി പി ഓമാരായ അനീഷ്, സുമൻ, അഭിലാൽ എന്നിവരാണ് ഉള്ളത്.



