
വിദ്യാർത്ഥികൾക്കുള്ള പോലീസിന്റെ ബോധവൽക്കരണപരിപാടികൾക്ക് വൻ സ്വീകാര്യത
രാജ്യത്തിന്റെയുംകുടുംബങ്ങളുടെയും ഭാവി നിലകൊള്ളുന്ന വിദ്യാർത്ഥി യുവജന സമൂഹങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിലെ അപകടം മുന്നിൽ കണ്ട് നടത്തിവരുന്ന വിവിധ ബോധവൽക്കരണപരിപാടികൾക്ക് വൻ സ്വീകാര്യത. ലഹരിയുടെ വിപത്തിൽ നിന്നും പുതു തലമുറയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തിവരികയാണ് പോലീസ് വകുപ്പ്. കൂടാതെ, വിവിധതരത്തിലുള്ള ലൈംഗിക അതിക്രമങ്ങൾക്ക് എതിരായ ബോധവൽക്കരണവും നടക്കുന്നു. സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുമാസമായി ഇതുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നുവരികയാണ്.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാം തിയതി മുതൽ വിദ്യാർത്ഥികളും യുവാക്കളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അധിഷ്ഠിതമാക്കി ബോധവൽക്കരണ പരിപാടികൾ നടത്തിവരുന്നു. 3 നാരംഭിച്ച പരിപാടികൾ ഇന്നുവരെ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 234 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പൂർത്തിയായത്.222 സ്കൂളുകൾ, 12 കോളേജുകൾ ഉൾപ്പെടെയാണ് ഇത്. ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന അപകടങ്ങളും മറ്റും സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള ക്ലാസുകൾ, കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്ന നിയമം (പോക്സോ ) സംബന്ധമായ ക്ലാസുകൾ, കുട്ടികൾ വിശിഷ്യാ പെൺകുട്ടികൾക്ക് നേരെ ഉണ്ടാകുന്ന ശാരീരികവും ലൈംഗികവു മായ അതിക്രമങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിനുള്ള പ്രത്യേകതരം അഭ്യാസമുറകൾ എന്നിവയിൽ പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസുകൾ നൽകിവരികയാണ്. കുട്ടികളിലും അധ്യാപകരിലും രക്ഷാകർത്താക്കളിലും വൻ സ്വീകാര്യത നേടി മുന്നേറിക്കൊണ്ടിരിക്കുന്ന പരിപാടി ദിവസവും 15 വീതം സ്കൂളുകളിലാണ് അരങ്ങേറുന്നത്. മുഴുവൻ പരിപാടികളുടെയും കോർഡിനേറ്റർ അഡീഷണൽ പോലീസ് സൂപ്രണ്ട് പി വി ബേബിയാണ്. പരിപാടികളുടെ മേൽനോട്ടച്ചുമതല നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി അനിലിനാണ്. ജില്ലയിൽ 7 ഐടിഐ ഉൾപ്പെടെ 323 സ്കൂളുകളിലാണ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ആകെയുള്ള 40 കോളേജുകളിൽ 31 ഇടത്തും കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. എസ്പിജി സ്കൂളുകളിൽ മിക്കയിടത്തും കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാവും വിധം പരാതിപ്പെട്ടികൾ സ്ഥാപിച്ചു. ഒരു മാസത്തോളമായി നടന്നുവരുന്ന പോലീസിന്റെ നേതൃത്വത്തിലുള്ള ബോധവൽക്കരണ പരിപാടികളിൽ ഇതുവരെ ഇരുപതിനായിരത്തിലധികം കുട്ടികളിൽ പുത്തൻ അറിവുകളും സന്ദേശങ്ങളും എത്തിച്ചു കഴിഞ്ഞു. പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഓമാർ, മറ്റുദ്യോഗസ്ഥർ, വനിതാ സെൽ, സെൽഫ് ഡിഫെൻസ് ടീം തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളാവുന്നു. ഇനിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കൂടി ബോധവൽക്കരണപരിപാടി
തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.



