
ഒരേ കോമ്പൗണ്ടിലെ അടച്ചിട്ട രണ്ടുവീടുകളിൽ മോഷണം : രണ്ട് പ്രതികൾ പോലീസ് പിടിയിലായി
പത്തനംതിട്ടയിൽ ബന്ധുക്കളുടെ അടച്ചിട്ട ഒരേ വളപ്പിലെ രണ്ട് വീടുകളിൽ നിന്നും പിത്തള ടാപ്പുകളും ഓട്ടുരുളിയും മറ്റും മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തിരുവല്ല തുകലശ്ശേരി പൂമംഗലം വീട്ടിൽ പി എസ് ശരത്ത് ( 39 ), കൊല്ലം ഇരവിപുരം അയത്തിൽ ജി അനിൽ കുമാർ (42) എന്നിവരാണ് പിടിയിലായത്. ഈമാസം 16 ന് വൈകിട്ട് 7.20 ന് ശേഷമാണ് ചെന്നീർക്കര മത്തങ്ങാമുക്ക് കൊച്ചുമേമുറിയിൽ വീടുകളിൽ മോഷണം നടന്നത്. ഇരു വീടുകളിൽ നിന്നുമായി ശുചിമുറിയിലെയും വാഷ്ബേസിനിലെയും ആകെ 10 പിത്തള ടാപ്പുകളും ഹാളിലിരുന്ന ഒരു പൂപ്പാത്രവും, സ്റ്റോറിൽ നിന്നും ഓട്ടുരുളിയും ചെമ്പു കുട്ടകവും മോഷ്ടിക്കപ്പെട്ടത്. 18 ന് ഒരു വീടിന്റെ ഉടമസ്ഥ റീബ റെനി വർഗീസ് ഇലവുംതിട്ട പോലീസിൽ പരാതി നൽകി. എസ് സി പി ഓ ആർ ബിനു മൊഴി രേഖപ്പെടുത്തി, പോലീസ് ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വീട്ടിൽ നിന്നും പിത്തള ടാപ്പുകളാണ് മോഷണം പോയത്, രണ്ടാമത് ഭർതൃസഹോദരൻ രഞ്ജി വർഗീസിന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ മറ്റു മുതലുകൾ മോഷ്ടിച്ചുകടന്നു. റീബയുടെ വീട്ടിലെ സിറ്റൗട്ടിന്റെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് തകർത്തശേഷം, ഹാളിലേക്ക് കയറുന്ന പ്രധാന വാതിലിന്റെ ഒറ്റപ്പാളിക്കതക് ഇരുമ്പ് പട്ടകൊണ്ട് തിക്കിയിളക്കി ഉള്ളിൽ കടന്നാണ് മോഷണം നടത്തിയത്.
പിന്നീട് ഈ വീടിന്റെ പുരയിടത്തിൽ തന്നെയുള്ള ബന്ധുവീട്ടിൽ സിറ്റൗട്ടിൽ കയറി ഹാളിലേക്കുള്ള വാതിൽ ഇരുമ്പ് പട്ട ഉപയോഗിച്ച് തിക്കിയിളക്കി ഉള്ളിൽ കടന്ന് സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. ഓട്ടുരുളിയും ചെമ്പ് കുട്ടകവും സ്റ്റോറിൽ നിന്നാണ് മോഷ്ടിച്ചത്. മുകളിലെയും താഴത്തെയും നിലകളിലെ ബാത്റൂമുകളിൽ നിന്നും ടാപ്പുകളും കവർന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം, വിരലടയാളവിദഗ്ധരെയും ഡോഗ് സ്കോഡിനെയും പോലീസ് ഫോട്ടോഗ്രാഫറെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
വീടുകളിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും, കൂടുതൽ സാക്ഷികളെക്കണ്ട് അന്വേഷണം നടത്തുകയും ചെയ്ത പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം, ഒന്നാംപ്രതി ശരത്തിനെ രാത്രികാല പെട്രോളിങ്ങിനിടെ 20ന് പുലർച്ചെ ഒരു മണിയോടെ ഉള്ളന്നൂർ ദേവീക്ഷേത്രത്തിന് സമീപത്തു നിന്നും പിടികൂടി. പോലീസ് വാഹനം കണ്ടു ഓടിമറയാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പോലീസ് സംഘം തടഞ്ഞു പിടികൂടിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് ഉച്ചയ്ക്ക് രണ്ടുമണിക്ക് രേഖപ്പെടുത്തി.
ശരത്, കവർച്ച മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച മോഷണം ഉൾപ്പെടെയുള്ള നാല് കേസുകളിലും, വാകത്താനം കോട്ടയം ഈസ്റ്റ് കോയിപ്പുറം എന്നെ പോലീസ് സ്റ്റേഷനുകളിലെ ഓരോ മോഷണ കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി ഇന്നലെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. വീടുകളുടെ വാതിൽ തകർക്കാൻ ഉപയോഗിച്ച ഇരുമ്പ്പട്ട ഇയാളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പറമ്പിൽ നിന്നും കണ്ടെടുത്തു.
രണ്ടാം പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജതമാക്കിയതിനെതുടർന്ന്, കലഞ്ഞൂരിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചു. 26 ന് പിടികൂടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പിന്നീട് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച വസ്തുക്കൾ കോഴഞ്ചേരി തെക്കേമലയിലെ ആക്രിക്കടയിൽ വിറ്റതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് അവിടെ എത്തിച്ച് ഇവ കണ്ടെത്തി. കൊല്ലം ഇരവിപുരം അയത്തിൽ സ്വദേശിയായ അനിൽകുമാർ മാരാമണ്ണിലെ ഭാര്യ വീട്ടിലാണ് ഇപ്പോൾ താമസം. ചങ്ങനാശ്ശേരി ചിങ്ങവനം എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസുകളിൽ ഉൾപ്പെടെ പ്രതിയാണ് അനിൽകുമാർ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്പെക്ടർക്കൊപ്പം എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓമാരായ ശ്രീരാജ്, രാകേഷ്, രാജൻ, ബിനു എന്നിവരാണ് ഉണ്ടായിരുന്നത്



